കേരളത്തിന് വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; ക്ഷേമ പെൻഷൻ അടക്കം പ്രതിസന്ധിയിൽ

തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി നിര്‍ണയിച്ച് നൽകേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നൽകണം. ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള വായ്പ തുകക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും കേന്ദ്ര തീരുമാനം അറിയിച്ചിട്ടില്ല.

ഇതോടെ കഴിഞ്ഞ വര്‍ഷത്തെ പോലെ തുക വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയിലാണ് ധനവകുപ്പ്. കിഫ്ബി പദ്ധതിയും സാമൂഹ്യ ക്ഷേമ പെൻഷൻ കമ്പനിയും എടുത്ത 14312 കോടി കേരളത്തിന്റെ വായ്പ പരിധിയിൽ നിന്ന് വെട്ടിക്കുറക്കാനുള്ള കേന്ദ്ര തീരുമാനം അന്ന് വലിയ തിരിച്ചടിയുമായിരുന്നു. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. സര്‍വീസ് പെൻഷൻ പരിഷ്കരണ കുടിശിക 2,800 കോടിയും ക്ഷാമബത്ത കുടിശിക 1,400 കോടിയും കൊടുത്തു തീര്‍ക്കാനുള്ളതിൽ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം നൽകുമെന്ന ധനമന്ത്രിയുടെ വാഗ്ദാനവും നിലവിലുണ്ട്. ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും നൽകാനുള്ള 20,000 കോടി മരവിപ്പിച്ച് നിര്‍ത്തിയാണ് ധനസ്ഥിതി പിടിച്ച് നിര്‍ത്തുന്നതും. ഈ ഘട്ടത്തിൽ വായ്പ പരിധി വെട്ടിക്കുറയ്ക്കുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വലിയ തിരിച്ചടിയാകും. ചെലവുകുറയ്ക്കലടക്കം നിർദ്ദശങ്ങൾ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ വലിയ ബാധ്യതകളിൽ നിന്ന് കേരളം മെല്ലെ കരകയറുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഒരു വശത്ത് നികുതി പരിഷ്കരണം അടക്കം സാമ്പത്തിക സമാഹരണ നിർദ്ദേശങ്ങൾ നടപ്പാക്കുമ്പോഴാണ് അര്‍ഹതയുള്ള വായ്പ തുകയിൽ കേന്ദ്ര ഇടപെടലുണ്ടാക്കുന്ന ആശങ്ക.

© 2024 Live Kerala News. All Rights Reserved.