പൊലീസ് വധിച്ചത് രോഗംവന്ന് കിടപ്പിലായവരെയെന്ന് മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തല്‍;പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ല

മലപ്പുറം: നിലമ്പൂരിലെ പത്രമോഫീസുകളിലേക്ക് മാവോയിസ്റ്റ് നേതാവിന്റെ ഫോണ്‍കോള്‍.രോഗംവന്ന് കിടപ്പിലായവരെയാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് സംഘടിതമായി വെടിവെച്ചു കൊന്നതെന്നും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും സംഘത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റ് നേതാവാണ് മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.മാവോയിസ്റ്റ് നേതാവ് സോമനാണ് വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപ്പു ദേവരാജ് പ്രമേഹവും രക്തസമ്മര്‍ദവും കാരണം കിടപ്പിലായിരുന്നുവെന്നും അജിത ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നുവെന്നും മാവോയിസ്റ്റ് നേതാവ് പറഞ്ഞു.ആകെ സംഘത്തില്‍ ആറു പേരെയാണ് ഉണ്ടായിരുന്നത്. കിടപ്പിലായിരുന്നവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടാതെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നെന്നും വിളിച്ചയാള്‍ പറഞ്ഞു. പാലീസ് വെടിവെപ്പില്‍ കിടപ്പിലായവര്‍ കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ കാട്ടിലേക്ക് വലിഞ്ഞു. കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ വിശദപരിശോധന നടത്തുകയാണെങ്കില്‍ അവരുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയുമെന്നും വിളിച്ചയാള്‍ പറഞ്ഞു.തങ്ങള്‍ക്കു നേരേ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അതിനു വിരുദ്ധമാണ് മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തല്‍.

© 2025 Live Kerala News. All Rights Reserved.