നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ശരീരത്തില്‍ നിറയെ വെടിയുണ്ടകള്‍;അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകള്‍; കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകള്‍; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യജമാണെന്ന് സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനയുള്ളത്.
കൊല്ലപ്പെട്ട മാവോവാദികളുടെ ശരീരത്തില്‍ 26 വെടിയുണ്ടകളേറ്റതായി മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. കോഴിക്കോട് ഫൊറന്‍സിക് സംഘമാണ് ഇവരുടെ ശരീരത്തില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തത്.കുപ്പുസ്വാമിക്ക് പിന്നില്‍നിന്നാണ് കൂടുതല്‍ വെടിയേറ്റത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അജിതയുടെ നട്ടെല്ലും ശ്വാസകോശമുള്‍പ്പെടുന്ന ആന്തരികാവയവങ്ങളും പൂര്‍ണമായി നുറുങ്ങി. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളും കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളുമാണേറ്റത്. അജിതയുടെ ശരീരത്തില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. 13 ഉണ്ടകള്‍ ശരീരം തുളച്ച് കടന്നുപോയതായി കണ്ടെത്തി. ഒരുണ്ട ശരീരത്തില്‍നിന്ന് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും അത് സി.ടി. സ്‌കാനിങ്ങിലും എക്‌സ്‌റേ പരിശോധനയിലും കണ്ടെത്തി. കുപ്പുസ്വാമിയുടെ ശരീരത്തില്‍നിന്ന് നാലുണ്ടകളാണ് കണ്ടെത്തിയത്. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.എ.കെ.47, എസ്.എല്‍.ആര്‍. മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. നിമിഷങ്ങളുടെ ഇടവേളയില്‍ ഒട്ടേറെ വെടിയുണ്ടകള്‍ ഉതിര്‍ക്കുന്ന തോക്കില്‍ നിന്നേറ്റ വെടികളാണ് ഇരുവര്‍ക്കുമേറ്റത്. ശരീരത്തിന്റെ മുന്‍പിന്‍ ഭാഗങ്ങളിലും വശങ്ങളിലും വെടിയേറ്റിട്ടുണ്ട്. 2060 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക്കിന്റെ നിഗമനം.പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകാനും ഇടയുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചുകൊന്നതിനെത്തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നും പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.2014ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമാണു നടപടി. നിലമ്പൂരില്‍ എടക്കരയ്ക്കു സമീപം കരുളായി വനമേഖലയില്‍ കൊടുംകാട്ടിനുള്ളില്‍ പൊലീസും മാവോയിസ്റ്റ് സംഘവുമായി നടന്ന നേര്‍ക്കുനേര്‍ വെടിവയ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.തമിഴ്‌നാട് സ്വദേശിയും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ് 60), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണു സംസ്ഥാനത്തു പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടില്‍ എട്ടുകണ്ണിപ്പാറയ്ക്കും കടന്നക്കാപ്പിനും ഇടയില്‍ 24ന് രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടിനുമിടയിലാണു സംഭവം.

© 2024 Live Kerala News. All Rights Reserved.