നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ചുമതല പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്ക്; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം

നിലമ്പൂര്‍ : നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐയും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. നിലമ്പൂരില്‍ എടക്കരയ്ക്കു സമീപം കരുളായി വനത്തില്‍ പൊലീസും മാവോയിസ്റ്റ് സംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തു പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടില്‍ 24നായിരുന്നു സംഭവം. രണ്ടു സി.ഐമാരുടെയും മൂന്ന് എസ്.ഐമാരുടെയും നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും കേരള പൊലീസിലെ ഭീകരവിരുദ്ധ സേനക്കാരും ഉള്‍പ്പെട്ട 60 അംഗ ദൗത്യസംഘമാണു മാവോയിസ്റ്റുകളെ നേരിട്ടത്. 22 പേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെയാണ് പൊലീസ് നേരിട്ടതെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. അതേസമയം, ഏറ്റുമുട്ടല്‍ വ്യാജമാണെന്നും അന്വേഷണം വേണമെന്നും വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. വാദങ്ങള്‍ എല്ലാം നിഷേധിച്ച് പൊലീസും രംഗത്തെത്തിയിരുന്നു. ഇതിനിടെ നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ 26 മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

© 2024 Live Kerala News. All Rights Reserved.