എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു;ഞാനെന്താണ് പറഞ്ഞതെന്ന് മഞ്ജു ഒഴികെ ബാക്കി ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല; ചാക്കോച്ചന്റെ വിശദീകരണം

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് വെട്ടിലായത് നടന്‍ കുഞ്ചാക്കോ ബോബനാണ്. ഇരുവരുടെയും ഒരുമിച്ചുളള യാത്ര മനോഹരമാവട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പക്ഷെ കൂട്ടത്തെറിവിളിയായിരുന്നു ചാക്കോച്ചന് നേരിടേണ്ടി വന്നത്. മഞ്ജു വാര്യരെ പിന്തുണയ്ക്കുന്നവരാണ് ചാക്കോച്ചനെ വിമര്‍ശിച്ചത്. മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകള്‍ നേരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നാണ് കുഞ്ചാക്കോ ബോബനോട് ആരാധകരുടെ ചോദ്യം. മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിലും കേരളത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും കഴിയുകയില്ല എന്നു തുടങ്ങി ഒട്ടേറെ അഭിപ്രായങ്ങളാണ് നടന്റെ ഫേസ്ബുക്ക് വാളില്‍ നിറയുന്നത്. പ്രതികരണം രൂക്ഷമായതോടെ സംഭവത്തില്‍ വിശദീകരണവുമായി കുഞ്ചാക്കോ ബോബന്‍ തന്നെ നേരിട്ട് രംഗത്തെത്തി.കുറേ ആളുകളെങ്കിലും എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധാരണയോടെ ഏറ്റെടുക്കുകയും ചെയ്തതില്‍ അതിയായ ദുഃഖമുണ്ട്. കാവ്യയും ദിലീപും മഞ്ജുവുമെല്ലാം എനിക്ക് മാത്രമല്ല എന്റെ കുടുംബങ്ങള്‍ക്കും ഏറ്റവും വേണ്ടപ്പെട്ടവരാണ്.’മഞ്ജു തിരിച്ചുവരവ് നടത്തിയപ്പോള്‍ എല്ലാ പിന്തുണയും നല്‍കി ഞാന്‍ അവര്‍ക്കൊപ്പം നിന്നു. അതു മഞ്ജുവിനും അറിയാം. അഭിപ്രായം പറയാനും എന്തെങ്കിലും എഴുതാനും എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ ഒരു മര്യാദയോടെ വേണം ചെയ്യാന്‍. മഞ്ജു ഒഴികെ ബാക്കി ആരെയും എന്താണ് പറഞ്ഞതെന്ന് എനിക്ക് ബോധിപ്പിക്കേണ്ട ആവശ്യമില്ല.’ ‘കാവ്യ എനിക്ക് സഹോദരിയും നല്ല സുഹൃത്തുമാണ്. വീട്ടുകാര്‍ക്കും അങ്ങനെ തന്നെ. വര്‍ഷങ്ങളായി അവളെ അറിയാം. അതുകൊണ്ടുതന്നെ ഒരു നല്ല ജീവിതത്തിനായി കാവ്യയ്ക്കും ദിലീപിനും ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഞാനൊരിക്കലും അവരുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും വ്യക്തിപരമായ ജീവിതങ്ങളില്‍ ഇടപെടാന്‍ പോയിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാറും ആശംസകള്‍ നേരാറുമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.