ഫഹദും പാര്‍വതിയും ഒന്നിക്കുന്നു.. മറ്റൊരു സൂപ്പര്‍ ഹിറ്റിനായി

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും പാ‌ർവതിയും മറ്റൊരു ചിത്രത്തിൽ ഒന്നിക്കുന്നു. ചലച്ചിത്ര എഡിറ്ററായ മഹേഷ് നാരായണൺ ആദ്യമായി സംവിധാനം ചെയ്യുന്ന വേർജിൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ജോഡികളാകുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാതാവ്.

ഇപ്പോൾ എഡിറ്റിംഗ് ചെയ്യുന്ന ചിത്രങ്ങളുമായി താൻ തിരക്കിലാണെന്നും അതിന് ശേഷം  അടുത്ത വർഷത്തോടെ തന്റെ ചിത്രം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. പ്രധാന കഥാപാത്രങ്ങളെ മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  മറ്റ് കാര്യങ്ങളെല്ലാം അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ തീരുമാനിക്കും. ചിത്രത്തിന്റെ കഥയെപ്പറ്റിയൊന്നും സംസാരിക്കാൻ സംവിധായകൻ തയ്യാറായില്ല.

സിജു എസ്. ഭവ സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രത്തിലും വിനീത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന അയാൾ ഞാനല്ല എന്ന ചിത്രത്തിലുമാണ് ഫഹദ് അഭിനയിക്കുന്നത്. ബാംഗ്ലൂർ ഡേയ്സിന്റെ തമിഴ് റീമേയ്ക്കിൽ അഭിനയിക്കുന്ന തിരക്കിലാണ് പാർവതി. തമിഴിലും ആർ.ജെ. സാറയുടെ വേഷമാണ് പാർവതി അവതരിപ്പിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാർലി എന്ന ചിത്രത്തിലും പാർവതിയാണ് നായിക. ചിത്രത്തിൽ ദുൽഖർ സൽമാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.