ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ജവാന്മാരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ .മാച്ചില്‍ മേഖലയില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് കരസേന വ്യക്തമാക്കി. സ്ഥലത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ ബന്ദിപ്പോറ ജില്ലയില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാച്ചില്‍ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നാണ് ജവാന്റെ മൃതദേഹം വികൃതമായ നിലയില്‍ കണ്ടെത്തിയത്. ഭീരുത്വപരമായ ഈ പ്രവര്‍ത്തിക്കു കനത്ത മറുപടി നല്‍കുമെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കശ്മീരില്‍ രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ ജവാന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കുന്നത്. കഴിഞ്ഞ മാസം 28നു നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. സിപോയ് മന്‍ധീപ് സിങ്ങിന്റെ മൃതദേഹമാണ് അന്ന് വികൃതമാക്കിയത്.