ന്യൂഡല്‍ഹി: നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.നോട്ടു പ്രതിസന്ധിയില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തിൽ തർക്കിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാൻ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു.പഴയ നോട്ട് മാറിയെടുക്കാനുള്ള പരിധി 2000 രൂപയായി കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയേയും കോടതി വിമര്‍ശിച്ചു.ഓരോ വ്യക്തിക്കും ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയില്‍നിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്. തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.അതേസമയം, നോട്ട് പിന്‍വലിക്കല്‍ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ബുദ്ധിമുട്ട് നേരിടുന്നതുകൊണ്ടാണ് ജനം കോടതിയെ സമീപിക്കുന്നത്. എല്ലാ കേസുകളും ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞിട്ടും മാറ്റിയെടുക്കാവുന്ന തുക കുറച്ച് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.ചീഫ് ജസ്റ്റീസ് ടി.എസ് താക്കൂര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.