ഇന്ത്യ- ചൈന സൈന്യങ്ങള്‍ നേര്‍ക്കുനേര്‍; ലഡാക്കില്‍ ഇന്ത്യയുടെ കനാല്‍ നിര്‍മ്മാണം ചൈന തടഞ്ഞു;അതിര്‍ത്തിയില്‍ വിമാനമിറക്കി ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: ലേയിലെ ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ ഇന്തോ-ചൈനീസ് സൈന്യം നേര്‍ക്കുനേര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ തൊഴിലുറപ്പു പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന കനാലിന്റെ നിര്‍മാണം ചൈനീസ് സൈന്യം തടഞ്ഞു. ഇതേത്തുടര്‍ന്ന് ഇന്തോടിബറ്റന്‍ പൊലീസ് (ഐടിബിപി) ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുമായി മുഖാമുഖം നിലയുറപ്പിച്ചു. പ്രകോപനത്തിനു തിരിച്ചടിയെന്നോണം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെച്ചുകയില്‍ ഇന്ത്യ വ്യോമസേനയുടെ വിമാനം ഇറക്കി. സി17 വിമാനമാണു സമുദ്രനിരപ്പില്‍നിന്ന് 6,200 അടി ഉയരത്തിലുള്ള മേഖലയില്‍ ഇറക്കിയത്. വിമാനം ഇറക്കാന്‍ കഴിഞ്ഞത് സേനാ വിന്യാസത്തില്‍ ഇന്ത്യക്കു കരുത്താകുമെന്നാണു നിഗമനം.ലേയില്‍നിന്ന് 250 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തുള്ള ദെംചോക് സെക്ടറിലാണ് ചൈനീസ് പ്രകോപനം ഉണ്ടായത്. 55 അംഗ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കനാലിന്റെ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്താന്‍ തൊഴിലാളികളോട് ഭീഷണിസ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ, നിയന്ത്രണരേഖയില്‍ ഇരുഭാഗത്തെയും സൈനികര്‍ നേര്‍ക്കുനേര്‍ നിന്നതായും ചൈനീസ് സേനയെ നിയന്ത്രണരേഖയില്‍നിന്ന് ഒരിഞ്ച് മുന്നോട്ടുനീങ്ങാന്‍ 70 അംഗ ഐ.ടി.ബി.പി സംഘം അനുവദിച്ചില്ലെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്ന നിബന്ധന ഇന്ത്യ ലംഘിച്ചതാണ് കനാല്‍ നിര്‍മാണം തടയാന്‍ കാരണമെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ആരോപണം തള്ളിയ ഇന്ത്യ അത്തരമൊരു നിബന്ധന ഇല്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് മാത്രമേ പരസ്പരം അനുമതി തേടേണ്ടതുള്ളൂവെന്നും വ്യക്തമാക്കി.യഥാര്‍ഥ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഭാഗത്തിനു സമീപമെത്തിയ പിഎല്‍എ തിരിച്ചുപോകാന്‍ വിസമ്മതിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ പ്രദേശത്ത് നടന്നുവരുന്ന ചില സിവിലിയന്‍ പദ്ധതികളെ ചൈന എതിര്‍ത്തുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് പിഎല്‍എയുടെ കയ്യേറ്റം. ചൈനയുമായുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ ഹിമാചല്‍പ്രദേശിലെ മനയില്‍ ഐടിബിപി ജവാന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ദീപാവലി ആഘോഷിച്ചതിന് ദിവസങ്ങള്‍ക്കകവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുതിര്‍ന്ന ചൈനീസ് അധികൃതരെ കാണുന്നതിന് ഒരു ദിവസം മുമ്പുമാണ് സേനകളുടെ മുഖാമുഖം. ഇരുഭാഗത്തും ആയിരം വീതം ഭടന്മാര്‍ മുഖാമുഖം നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചക്ക് എത്തിയ പിഎല്‍എ രാത്രി വരെ അവിടെ നിലയുറപ്പിച്ചു. തിരിച്ചുപോയി ഇന്നുരാവിലെ വീണ്ടുമെത്തി. മുഖാമുഖമുള്ള സ്ഥിതിയാണവിടെയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.