ന്യൂഡല്‍ഹി: ഒടവില്‍ ചൈനയുടെ കണ്ണുരുട്ടലിന് പിന്നില്‍ ഇന്ത്യ മുട്ടുമടക്കി. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ അടുത്തയാഴ്ച നടക്കുന്ന ചൈനീസ് വിമതരുടെ രാജ്യാന്തര സമ്മേളനത്തിലേക്കു ഉയിഗുര്‍ വിമതനേതാവ് ഡോല്‍ക്കന്‍ ഇസയക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കിക്കൊണ്ടാണ് ഇന്ത്യ ചൈന വിധേയത്വം കാണിച്ചത്. ഔദ്യോഗിക പ്രതികരണം വന്നില്ലെങ്കിലും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷീന്‍ജാങ് പ്രവിശ്യയിലെ ഉയിഗുര്‍ വിമതരുടെ സംഘടനയായ വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് നേതാവാണു ഡോല്‍ക്കന്‍ ഇസ. തുര്‍ക്കി വംശജരായ ഉയിഗുറുകള്‍ സ്വയംഭരണമാവശ്യപ്പെട്ടു സായുധസമരത്തിലാണ്. ‘ഇന്റര്‍പോളും ചൈനീസ് പൊലീസും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കിയ ഭീകരനാണു ഡോല്‍ക്കന്‍ ഇസ’ എന്നാണ് ചൈനയുടെ വാദം. വിമതനേതാവിനെ ക്ഷണിച്ചതില്‍ ചൈനീസ് വിദേശമന്ത്രാലയം ഇന്ത്യയോട് പ്രതിഷേധം അറിയിക്കുകയായിരുന്നു. പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിനെ ഭീകരപ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന യുഎന്നില്‍ വീറ്റോ ചെയ്തതിനുള്ള തിരിച്ചടിയായിട്ടാണു വിമതരുടെ സമ്മേളനത്തിന് ഇന്ത്യ അനുമതി നല്‍കിയതെന്നാണ് വിലയിരുത്തല്‍.