ഞങ്ങളുടെ പ്രണയം നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനാണ്…?? സ്വവര്‍ഗാനുരാകത്തെക്കുറിച്ച്‌ അഭയങ്കർ എഴുതുന്നു..

സ്വവർഗാനുരാഗത്തെ ആരെങ്കിലും എതിർക്കുന്നത് ശാസ്ത്രീയമായ അറിവുകൾ വെച്ചല്ല മറിച്ച് അറിവില്ലായ്മയിൽ സ്വന്തം വ്യക്തിപരമായ അനിഷ്ടം മാത്രം കൂട്ടിച്ചേർത്താണ്.തുറന്ന സമൂഹങ്ങളായ പാശ്ചാത്യ രാജ്യങ്ങളിൽ ഈയൊരു പ്രശ്നമില്ല. സ്വവർഗാനുരാഗി ആയാലും അവിടെ ഭൂരിഭാഗം ജനങ്ങളും അവരെ അംഗീകരിക്കുന്നു അത് കൊണ്ട് തന്നെ അവിടെ സ്വവർഗാനുരാഗികൾ ഇവിടത്തെ പോലെ ഒളിച്ചും പതുങ്ങിയുമല്ല ജീവിക്കുന്നത് ഇത് കാരണമാണ് സ്വവർഗാനുരാഗം പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമാണ് നമ്മുടെ നാട്ടിൽ അങ്ങനെയാരും ഇല്ല എന്നുള്ള തെറ്റായ പ്രചാരണം ഉണ്ടാവുന്നത്.

അഭയങ്കർ എഴുതുന്നു..

സ്വവർഗാനുരാഗം എന്ന് കേൾക്കുംപോൾ തന്നെ മനസ്സിൽ അടിഞ്ഞു കൂടിയ പരവിദ്വേഷം കാരണം ചാടി വീണ് വായിൽ തോന്നുന്നത് വിളിച്ച് പറയുക എന്നത് ചിലരുടെയെങ്കിലും സ്വഭാവമയിരിക്കുന്നു .അല്ലെങ്കിലും ഒരാളുടെ വീക്ഷ്ണങ്ങളെയോ അഭിപ്രായങ്ങളെയോ അല്ലല്ലോ മലയാളി പൊതുവെ വിമർശിക്കുന്നതും കളിയാക്കുന്നതും പകരം ആളുകളുടെ നിറം, സൌന്ദര്യമില്ലായ്മ , നടപ്പ്, ശബ്ദം പൊക്കമില്ലായ്മ , അംഗഭംഗം എന്നിവയെ എല്ലാമാണല്ലോ . അങ്ങനെ ഏറ്റവും കൂടുതൽ പരവിദ്വേശവും വംശീയതയും നിറഞ്ഞ ഒരു സമൂഹമായി നമ്മൾ മാറികൊണ്ടിരിക്കുകയാണ് . സ്വവർഗാനുരാഗത്തെ കുറിച്ചുള്ള വാർത്തകളിലെ കമന്റുകളും മറ്റും പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും. മാന്യന്മാർ എന്ന് കരുതുന്നവർ പോലും സ്വവർഗാനുരാഗികളെ പരിഹസിച്ച് വിടുന്നത് കാണാം. അവർക്ക് അവകാശം വേണം എന്ന് പറയുംപോൾ പോലും അവരെ ചികിത്സിക്കാൻ ഉപദേശിക്കുന്നത് കാണാം. സ്വവർഗാനുരാഗം ജന്മനാ ഉണ്ടാവുന്നതാണ്‌ എന്ന് ശാസ്ത്രത്തിന്റെ പിൻബലത്തിൽ ഖണ്ഡികകളായി വിശദീകരിച്ചാലും അത് വെറും ചോയ്സാണ് മാറ്റാൻ പറ്റുന്നതാണ് എന്ന് വീണ്ടും വീണ്ടും വിവരമില്ലായ്മ വിളമ്പുന്നത് കാണാം . എന്തു കൊണ്ടാണ് എന്ത് അടിസ്ഥാനത്തിലാണ് ആളുകള് ഇങ്ങനെ പറയുന്നത് എന്ന് പരിശോധിച്ചാൽ മതപരമായ വിശ്വാസം കാരണം സ്വവർഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടി , ഒരു Heterosexual (എതിർലിംഗത്തിൽ പെട്ടവരോട് മാത്രം ലൈംഗികാകര്ഷ്ണം തോന്നുന്നവർ) പുരുഷന് പുരുഷനും പുരുഷനും തമ്മിലെ രതിയെ കുറിച്ച് സങ്കല്പ്പിക്കുംപോൾ ഉണ്ടാവുന്ന വെറുപ്പ്,(പുരുഷസ്വവർഗരതിയിൽ മാത്രമേ ഇവർക്ക് വെറുപ്പുള്ളൂ ലെസ്ബിയൻ പോണ്‍ വീഡിയോ കാണുന്നവരാവും ഇവരിൽ പലരും) ചെറുപ്പകാലത്ത് പുരുഷനാൽ പീഡിപ്പിക്കപ്പെട്ട പുരുഷന്മാർക്ക് സ്വവർഗരതി എന്ന് കേൾക്കുമ്പോൾ ഉള്ള അമര്ഷം എല്ലാമാണ് കാരണം എന്ന് കാണാം. ചുരുക്കി പറഞ്ഞാൽ സ്വവർഗാനുരാഗത്തെ ആരെങ്കിലും എതിർക്കുന്നത് ശാസ്ത്രീയമായ അറിവുകൾ വെച്ചല്ല മറിച്ച് അറിവില്ലായ്മയിൽ സ്വന്തം വ്യക്തിപരമായ അനിഷ്ടം മാത്രം കൂട്ടിച്ചേർത്താണ്.

എന്താണ് സ്വവർഗാനുരാഗം..?

11737977_10153481949632658_4693052553597630211_nസ്വന്തം ലിംഗത്തിൽ പെട്ടവരോട് ലൈംഗികമായി ആകർഷണം തോന്നുന്നതാണ് സ്വവർഗാനുരാഗം. ഭൂരിഭാഗം ആളുകൾക്കും എതിർലിംഗത്തൊട് ആകര്ഷണം തോന്നുന്ന അതേ സ്വാഭാവികതയോടെ നാച്ചുറലായി തന്നെയാണ് ഒരു ന്യൂനപക്ഷത്തിൽ സ്വവർഗാനുരാഗം വികസിച്ച് വരുന്നത് . എതിർലിംഗത്തൊട് ആകര്ഷണം തോന്നുക എന്നത് ആരും സ്വന്തമായി തിരെഞ്ഞെടുത്തതല്ല എന്നത് പോലെ തന്നെ ഇതും ഒരു ചോയ്സല്ല. ഭൂരിഭാഗം വലംകയ്യന്മാർക്കിടയിൽ ഇടംകയ്യന്മാർ ജനിക്കുന്നത് പോലെ സ്വാഭാവികമാണത് . എല്ലാ സമൂഹത്തിലും രണ്ടു മുതൽ പത്ത് ശതമാനം വരെ ആളുകള് സ്വവര്ഗാനുരാഗികളാവാം അതിൽ കൂടുതലായി രണ്ടു ലിംഗത്തോടും ആകര്ഷണം തോന്നുന്നവർ ഉണ്ടാവാം. നമ്മുടേത് പോലുള്ള അടഞ്ഞ സമൂഹങ്ങളിൽ സ്വവർഗാനുരാഗികളെ പുറത്ത് കാണുന്നില്ല എന്നതിന്റെ അർഥം അവരിവിടെ ഇല്ല എന്നല്ല. ഇറാൻ പോലുള്ള രാജ്യങ്ങളിൽ സ്വവർഗാനുരാഗത്തിന് വധശിക്ഷയാണ് ലഭിക്കുക. വധശിക്ഷയൊന്നും ഇല്ലെങ്കിലും നമ്മുടെ രാജ്യത്ത് സ്വവർഗാനുരാഗിയാണ് എന്ന് തുറന്നു പറഞ്ഞാൽ അയാളെ നാട്ടുകാരും വീട്ടുകാരും എങ്ങനെയായിരിക്കും പരിഗണിക്കുക്ക എന്നറിയാൻ സോഷ്യൽ മീഡിയകളിൽ കാണുന്ന തെറിവിളികൾ തന്നെ ധാരാളമാണ്. അത് കൊണ്ടൊക്കെയാണ് സ്വവർഗാനുരാഗികൾ ഇവിടെ രഹസ്യമായി ജീവിക്കുന്നത് . പലരും ഈ സോഷ്യൽ റ്റാബൂ കാരണം കടുത്ത കുറ്റബോധത്തിന് അടിമകളും ആവും. ഇങ്ങനെയുള്ളവർ തങ്ങള്ക്ക് മാറ്റാൻ കഴിയാത്ത സ്വവർഗാനുരാഗത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയും വിവാഹം കഴിക്കുകയും ഒരു പെണ്‍കുട്ടിയുടെ ജീവിതം കൂടി ദുരിതമയമാക്കുകയും ചെയ്യുന്നു. തുറന്ന സമൂഹങ്ങളായ പാശ്ചാത്യ രാജ്യങ്ങളിൽ ഈയൊരു പ്രശ്നമില്ല. സ്വവർഗാനുരാഗി ആയാലും അവിടെ ഭൂരിഭാഗം ജനങ്ങളും അവരെ അംഗീകരിക്കുന്നു അത് കൊണ്ട് തന്നെ അവിടെ സ്വവർഗാനുരാഗികൾ ഇവിടത്തെ പോലെ ഒളിച്ചും പതുങ്ങിയുമല്ല ജീവിക്കുന്നത് ഇത് കാരണമാണ് സ്വവർഗാനുരാഗം പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമാണ് നമ്മുടെ നാട്ടിൽ അങ്ങനെയാരും ഇല്ല എന്നുള്ള തെറ്റായ പ്രചാരണം ഉണ്ടാവുന്നത്.

എന്താണ് സ്വവർഗനുരാഗത്തിന് കാരണം..??

സ്വവർഗാനുരഗത്തിന്റെ കാരണം പെട്ടെന്ന് പറഞ്ഞു പോവാൻ കഴിയുന്ന ലളിതമായ ഒന്നല്ല. ശരീശശാസ്ത്രപരമായും മനശാസ്ത്രപരമായും പാരിസ്തിതികമായും ഇതിനു കാരണം ഉണ്ട്- ഉണ്ടാവാം എന്ന് ശാസ്ത്രലോകം പറയുന്നു . കുട്ടിയായിരിക്കെ സ്വന്തം ലിംഗത്തിൽ പെട്ടവരിൽ നിന്നുണ്ടാവുന്ന ലൈംഗിക പീഡനമാണ് സ്വവർഗാനുരാഗത്തിന് കാരണം എന്നാ വാദം പലരും ഉയർത്തിക്കാണിക്കുന്നത് കാണാം. ഇതിനെ അനുകൂലിക്കുന്ന വിശ്വസിനീയമായ പഠനങ്ങൾ ഒന്നും നിലവിലില്ല. അത് പോലെ പീഡിപ്പിക്കപ്പെടുന്ന എല്ലാവരും സ്വവർഗാനുരാഗിയായി മാറുന്നും ഇല്ല. സാധാരണ ഒരു സമൂഹത്തിൽ എത്ര ശതമാനം സ്വവർഗാനുരാഗികൾ ഉണ്ടാവുന്നുവോ ഇത്ര അളവിൽ തന്നെയാണ് ഇവരിലും സ്വവർഗാനുരാഗികൾ ഉണ്ടാവുന്നത്. അതിനർത്ഥം ഇവർ സ്വാഭാവികമായും സ്വവർഗാനുരാഗികൾ ആയിരുന്നിരിക്കാം എന്നാണ് . എന്നാൽ സ്വവർഗാനുരാഗം ഒരു സോഷ്യൽ റ്റാബൂ ആയ ഒരു സമൂഹത്തിൽ താൻ ഇങ്ങനെ ആയത് പണ്ടുണ്ടായ പീഡനം കാരണമാണ് എന്ന് ഇരയാക്കപ്പെട്ട ഒരാൾ ഉറച്ച് വിശ്വസിച്ചു എന്നും വരാം,11737845_10153481958397658_7024781067289703158_n അത് കൊണ്ട് ഇവിടെ പാരിസ്ഥിതിതികമായ കാരണം എന്ന് പറയുന്നത് കൗമാരത്തിലെ പീഡനം അല്ല എന്ന് മനസ്സിലാക്കണം മറിച്ച് , സിക്താണ്ഡം രൂപം കൊണ്ട ശേഷം ഗർഭാവസ്തയിലും പ്രസവ സമയത്തും ശൈശവ ഘട്ടത്തിലും ഉള്ള സ്വാധീനമാണ്. ഈ വിഷയത്തിൽ ഒറ്റ വാക്കിൽ ഉത്തരം നല്കാവുന്ന തരത്തിൽ ഗവേഷണങ്ങൾ ഇനിയും പുരോഗമിച്ചിട്ടില്ല എങ്കിലും അനേകമനേകം ഘടകങ്ങളുടെ സങ്കീര്ണ്ണമായ ഇടപെടലാണ് സ്വവർഗാനുരാഗത്തിലേക്ക് നയിക്കുന്നത് എന്ന കാര്യത്തിൽ എല്ലാ ഗവേഷകരും ഐക്യപ്പെടുന്നുണ്ട് . അത് പോലെ സ്വവർഗാനുരാഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഏതെങ്കിലും തരത്തിലുള്ള രോഗമല്ല . മറിച്ച് ഒരു സവിശേഷത എന്ന് വിളിക്കാവുന്ന വത്യാസം മാത്രമാണ്. ജനിതകമായ സ്വാധീനം സ്വവർഗാനുരാഗത്തിലെക്ക് നയിക്കുന്നു എന്ന് പറയുംപോൾ പോലും ഒരേ അണ്ഡത്തിൽ പിറന്ന ഇരട്ടകളിൽ ഒരാൾ സ്വവർഗാനുരാഗിയും മറ്റെയാൾ എതിർലിംഗനുരാഗിയും ആവുന്ന സംഭവങ്ങളും റിപ്പോര്ട്ട് ചെയ്യുന്നു എന്നാലോ ഇരട്ടകളിൽ ഒരാള് സ്വവർഗാനുരാഗിയായാൽ മറ്റേ ആളും അങ്ങനെയാവാനുള്ള സാധ്യതയും കൂടുതലാണ്. അത് പോലെ ഒരേ സാഹചര്യത്തിൽ ഒരേ മാതാപിതാക്കള്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും എല്ലാവരും സ്വവർഗാനുരാഗിയാവണം എന്നില്ല. ഇങ്ങനെ ഒരേ സമയം സ്വവർഗാനുരാഗത്തിനു കാരണമായി കണ്ടെത്തുന്ന ഘടകങ്ങൾ പോലും ഒറ്റക്ക് എടുക്കുമ്പോൾ സ്വവർഗാനുരാഗത്തിന് കാരണമല്ല എന്ന് കാണാം. ഇവിടെയാണ് എപിജനിടിക്സ് തിയറി പ്രസക്തമാവുന്നത് .

സ്വവർഗാനുരാഗത്തെ കുറിച്ചുള്ള എപിജനിടിക്സ് സിദ്ധാന്തം (Epigenetic theories of homosexuality )

ഡി.എൻ.എ തലത്തിൽ ഉള്ള മാറ്റമല്ലാതെ അല്ലാതെ അതിസൂക്ഷ്മ തലത്തിൽ ജീനുകളിലെ ചില സ്വിച്ചുകൾ ‘ON’ ആയും ‘OFF’ ആയും കോശ ഘടനയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചാണ് എപിജെന്റിക്സ് പറയുന്നത്. ഭ്രൂണാവസ്ഥയിൽ തന്നെ പുരുഷനായി വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിലേക്കുള്ള പുരുഷ ഹോര്മോണ്‍ ഈ സ്വിച്ചുകളുടെ ‘ഓഫ്’ ആകൽ കാരണം തടയപ്പെട്ടാൽ ഈ ഭ്രൂണം ശാരീരികമായി പുരുഷനാണ് എങ്കിലും മാനസികമായി സ്ത്രീയായി വളരാം (ഭ്രൂണത്തിന്റെ ശരീരം മുഴുവനായും ബാധിക്കുമ്പോൾ ട്രാൻസ്ജെന്ദരുകളായി വികസിക്കാം) ഇത് നേരെ തിരിച്ച് സംഭവിക്കുന്ന സ്ത്രീ ഭ്രൂണങ്ങളിൽ പുരുഷന്റെത് പോലുള്ള തലച്ചോറും ഉണ്ടായി വരാം. ഇവർ വളരുമ്പോൾ സ്വാഭാവികമായും സ്വന്തം ലിംഗത്തോട് തന്നെയാവും ലൈംഗികമായി ആഭിമുഖ്യം തോന്നുന്നത്. അവരുടെ തലച്ചോർ എതിർലിംഗത്തിൽ പെട്ടവരുടെതിനെ പോലെ ആയതിനാൽ ആ തോന്നലിനെ എന്തെങ്കിലും തരത്തിലുള്ള തകരാര് എന്ന് വിളിക്കുക സാധ്യമല്ല. കാരണം ഒരു സാധാരണ സ്ത്രീയുടെ തലച്ചോറിന് തകരാറൊന്നും ഇല്ല എങ്കിൽ അത് പോലെയുള്ള ഒരു സ്വവര്ഗാനുരാഗി പുരുഷന്റെ തലച്ചോറിനെ എങ്ങിനെ തകരാറുള്ളത് എന്ന് വിശേഷിപ്പിക്കും??

സ്വവർഗാനുരാഗവും മാനസികരോഗവും

സ്വവര്ഗാനുരാഗം മാനസിക രോഗമാണ് എന്നുള്ള ധാരണ പൊതുവെ ചിന്താശേഷിയും വായനയും കുറഞ്ഞ പലരും വെച്ച് പുലര്ത്തുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ഇവരെ ചികിത്സിക്കണം എന്നാണു വാദം. എന്നാൽ സ്വവര്ഗാനുരാഗം ഒരുവിധത്തിലും ഉള്ള മാനസികരോഗമല്ല. സ്വവർഗാനുരാഗിയായി എന്ന കാരണത്താൽ ആർക്കും ഒരുതരത്തിലും ഉള്ള മാനസിക തകരാർ ഉണ്ടാവുന്നില്ല. ലോകം മുഴുവനുള്ള മനശാസ്ത്രജ്ഞർ ഇതിനെ മാനസികരോഗമായി അംഗീകരിക്കുന്നില്ല. മാനസികരോഗത്തെ നിർണയിക്കാൻ ഇന്ന് വിവിധതരം പരിശോധനാ രീതികൾ നിലവിലുണ്ട്. ഇതനുസരിച്ചോന്നും സ്വവർഗാനുരാഗം മാനസികരോഗമായി നിർണയിക്കുക സാധ്യമല്ല. എന്നാൽ ആളുകൾ കളിയാക്കുമോ എന്ന് ഭയന്ന് സ്വന്തം ലൈംഗികത പുറത്ത് പറയാൻ കഴിയാത്ത , ഇത് മറച്ച് വെച്ച് വിവാഹം കഴിക്കുന്ന, ലൈംഗിക ജീവിതം ഒളിച്ചും പതുങ്ങിയും ജീവിക്കുന്ന സമൂഹത്തിനു മുന്നില് ഡബിൾ ലൈഫ് നയിക്കുന്നവർക്ക് ഈ കാരണങ്ങളാൽ മാനസിക പ്രശ്നം ഉണ്ടാവാം. അതിനു കാരണം അവരുടെ ലൈംഗികതയല്ല അവരുടെ ലൈംഗികതയോടുള്ള സമൂഹത്തിന്റെ സമീപനമാണ്. സ്വവർഗാനുരാഗത്തിന് ചികിത്സയുണ്ട് എന്ന പേരില് വരുന്ന എല്ലാ പരസ്യങ്ങളും കടുത്ത മതവിശ്വാസി ഡോക്ടര്മാരുടെതോ, കുഞ്ഞുങ്ങളുടെ സ്വവർഗാനുരാഗത്തിൽ അസ്വസ്ഥരായ മാതാപിതാക്കളുടെ കാശ് മോഹിച്ചവരുടെയോ (അംഗീകൃത ഡോക്ടര്മാരുടെ സംഘടനയിൽ ഇവർക്ക് മെംബർഷിപ്പുണ്ടായിരിക്കില്ല ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെയുള്ള പരസ്യങ്ങൾ ചെയ്യുക സാധ്യമല്ല ) പുരോഹിതന്മാരുടെയോ വകയായിരിക്കും. തികച്ചും പ്രാകൃതമായ ചികിത്സാവിധികൾ നിശ്ചയിക്കുന്ന ഈ മുറിവൈദ്യന്മാർ ആരുടെയെങ്കിലും ലൈംഗികത മാറ്റിയതായി ഒരു തെളിവും ഇല്ല. മറിച്ച് ഇവരുടെ കെണിയിൽ പെട്ട് ശാരീരിക മാനസിക തകരാർ സംഭവിച്ചവരും ആത്മഹത്യ ചെയ്തവരും നിരവധിയുണ്ട്. ഇങ്ങനെയുള്ള എല്ലാ ചികിത്സാരീതികളെയും ആധുനികശാസ്ത്രം തള്ളിക്കളഞ്ഞതാണ് .

11227596_10153481958892658_8279587461746518615_n

സ്വവർഗാനുരാഗവും കുട്ടികളോടുള്ള ലൈംഗിക അതിക്രമവും.

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട – തെറ്റായി നിരന്തരം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാദമാണ് സ്വവർഗാനുരാഗത്തിന് അനുമതി കൊടുത്താൽ അത് കുട്ടികളുടെ നേരെയുള്ള പീഡനം വർദ്ധിപ്പിക്കും എന്നത്. പ്രായപൂർത്തിയായ ആളുകൾക്ക് അവരുടെ അടിസ്ഥാന മാനുഷിക അവകാശമായ ലൈംഗികതയിൽ സ്വാതന്ത്ര്യം വേണം എന്നാണ് സ്വവർഗരതി നിയമവിധേയമാക്കണം എന്ന് പറയുന്നവർ ആവശ്യപ്പെടുന്നത്. ഇതിലൊരിടത്തും കുട്ടികൾ വരുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്നവർ എല്ലാ വിഭാഗത്തിൽപെട്ടവരും ഉണ്ടാവും. പുരുഷന്മാർ പെണ്‍കുട്ടികളെ പീഡിപ്പികുന്നത് കൊണ്ട് സാധാരണ രതി നിരോധിക്കണം എന്ന് പറയുന്നത് പോലെയുള്ള ബാലിശമായ വാദമാണ് ആണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് സ്വവർഗരതി നിരോധിക്കണം എന്ന് പറയുന്നത്. ആരായാലും കുട്ടികളുടെ നേരെയുള്ള പീഡനവും റേപും ശിക്ഷിക്കപ്പെടെണ്ട കുറ്റമാണ്. അതിന് സ്വവർഗാനുരാഗി എതിർലിംഗാനുരാഗി എന്നൊന്നും ഇല്ല. ആരും കുട്ടികളോടോ മൃഗങ്ങളോടോ അച്ഛനമ്മമാരോടോ ഒന്നും ലൈംഗികാകർഷണം ഉള്ളവരായി ജനിക്കുന്നില്ല ആർക്കും അങ്ങനെ മാത്രമായി ഒരു ലൈംഗികാകർഷണം വികസിച്ച് വരുന്നും ഇല്ല എന്നത് കൊണ്ടാണ് ഇതൊന്നും സ്വാഭാവികമായ സെക്ഷ്വൽ ഓരിയെന്റെഷൻ (Sexual Orientation ) ആയി എണ്ണാത്തത് . അടിസ്ഥാന ലൈംഗികാഭിമുഖ്യങ്ങൾ (Sexual Orientation ) നാല് തരത്തിലാണ് ഉള്ളത് 1 ) Heterosexuality അഥവാ സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നുന്ന ലൈമ്ഗികാഭിമുഖ്യം , 2) Homosexuality, – അഥവാ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും തോന്നുന്ന ലൈംഗികാഭിമുഖ്യം 3) Bisexuality – ഒരാൾക്ക് ഒരു പോലെ അല്ലെങ്കിൽ ഏറിയും കുറഞ്ഞും സ്ത്രീയോടും പുരുഷനോടും തോന്നുന്ന ലൈംഗികാഭിമുഖ്യം 4) Asexuality – അഥവാ ആരോടും ലൈംഗികാഭിരുചി തന്നെ ഇല്ലാത്ത അപൂർവമായ അവസ്ഥ. അതായത് മൃഗരതി, കുട്ടികളെ പീഡിപ്പിക്കൽ , ഇൻസെസ്റ്റ് എന്നിവയെല്ലാം ആയി സ്വവർഗാനുരാഗത്തിന് ഒരു ബന്ധവുമില്ല. നേരത്തെ പറഞ്ഞ ഏതെങ്കിലും ഒരിയെന്റെഷനിൽ പെട്ടവർ കഴപ്പ് തീർക്കാനൊ എന്തെങ്കിലും മാനസിക പ്രശ്നം കൊണ്ടോ സ്വാഭാവികമായ ലൈംഗികതയോട് ഭയന്നോ അവസരം കിട്ടാതെയോ ഇതൊക്കെ ചെയ്യാം എന്ന് വെച്ച് സ്വവർഗപ്രണയം ചര്ച്ച ചെയ്യുന്നിടത്തെല്ലാം ഇതൊന്നും കൊണ്ട് വരേണ്ട കാര്യമില്ല.

സ്വവർഗാനുരാഗത്തിലെ പ്രകൃതി വിരുദ്ധത

gay-prideമുകളിൽ വിശദീകരിച്ചതിൽ നിന്നും സ്വവര്ഗാനുരാഗം ഒരു രോഗമോ തിരെഞ്ഞെടുപ്പോ അല്ല എന്ന് മനസ്സിലായി കാണുമല്ലോ അത് പോലെ തന്നെ അത് പ്രകൃതി വിരുദ്ധവുമല്ല ലോകത്ത് ആയിരത്തി അഞ്ഞൂറിൽപരം ജീവികളിൽ കാണുന്ന സ്വവര്ഗാനുരാഗം തന്നെയാണ് മനുഷ്യനിലും ഉള്ളത്. സ്വതവേ മൃഗങ്ങളുടെ ലൈംഗികതയെക്കാൾ സങ്കീര്ണ്ണമായ ലൈംഗികത വെച്ച് പുലർത്തുന്നവരാണല്ലോ മനുഷ്യർ അത് കൊണ്ട് തന്നെ മനുഷ്യനിലെ സ്വവർഗാനുരഗാവും മൃഗങ്ങളിൽ നിന്ന് അതേ അനുപാതത്തിൽ വത്യസ്തമാവാം എന്നേ ഉള്ളൂ. കൂടാതെ സ്വവർഗാനുരാഗികളെല്ലാം മുന്നോട്ട് വെക്കുന്നത് ഒരേ ലിംഗത്തിൽ പെട്ടവരുടെ സെക്സ് ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രമാണ് എന്ന് ചുരുക്കി കൊണ്ട് വരുന്നവരുടെ വാദമാണ് ഗുദഭോഗത്തിലെ പ്രകൃതി വിരുദ്ധത. എന്നാൽ പഠനങ്ങൾ അനുസരിച്ച് സ്വവർഗാനുരാഗികൾ എല്ലാവരും ഗുദഭോഗം ചെയ്യുന്നവർ അല്ല. അത് പോലെ എതിർലിംഗാനുരാഗികളിലെ ഗണ്യമായ ഒരു വിഭാഗം ഇങ്ങനെ ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നും ഉണ്ട്. ഇനി ദൈവ സൃഷ്ടിപ്പിലെ അവയവ ഘടനയെ കുറിച്ചൊക്കെ പറയുകയാണ്‌ എങ്കിൽ അവിടെയും ഗുദഭോഗത്തിന് അനുകൂലമായ പലതും കാണാം. ഉദാഹരണത്തിന് പുരുഷന് ഏറ്റവും കൂടുതൽ ഉത്തേജനം തരുന്ന ലൈംഗിക സവേദകഗ്രന്ഥിയായ പ്രോസ്റേറ്റ് ഗ്രന്ഥി (Prostate Gland ) സ്ഥിതി ചെയ്യുന്നത് മലദ്വാരത്തിനുള്ളിൽ ആയിട്ടാണ് . അതായത് സ്വവർഗാനുരാഗത്തിൽ പ്രകൃതി വിരുദ്ധത ഇല്ലാത്തത് പോലെ തന്നെ സ്വവർഗരതിയിലും പ്രകൃതി വിരുദ്ധതയില്ല. പ്രകൃത്യാ സ്വവർഗാനുരഗിയായി ജനിക്കുന്ന ഒരാളുടെ പ്രകൃതം സ്വവരഗാനുരാഗമാണ് ഭീഷണിപ്പെടുത്തി അയാളെ അതിൽ നിന്ന് മാറ്റുന്നതാണ് അയാളെ സംബന്ധിച്ച് പ്രകൃതി വിരുദ്ധം.

pride-image-banner

സ്വവർഗാനുരാഗികളുടെ അവകാശപ്പോരാട്ടം

സ്വവർഗാനുരാഗത്തിന്റെ ചരിത്രത്തിന് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പുരാധന ഗ്രീസിലും റോമിലും ഭാരതത്തിലും ചൈനയിലും പാശ്ചാത്യർക്ക് മുന്പുള്ള അമേരിക്കയിലും എല്ലാം സ്വവർഗാനുരാഗം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . സ്വവർഗാനുരാഗികളെ കൂടുതലായി പരിഗണിക്കുന്ന സമൂഹങ്ങളായിരുന്നു ഇവയിൽ പലരും പ്രാചീന റോമിലെയും ഗ്രീസിലെയും കലാകാരന്മാരിലും തത്വചിന്തകരിലും ഗണ്യമായ അളവ് സ്വവർഗാനുരാഗികൾ ഉണ്ടായിരുന്നു. സെമിറ്റിക് മതങ്ങൾ കോളനിവൽകരണത്തിലൂടെയും മിഷിനറിപ്രവർത്തനങ്ങളിലൂടെയും ലോകം മുഴുവൻ വ്യാപിച്ചതോടെയാണ് അത് നീചമായ കുറ്റകൃത്യമായി എണ്ണിത്തുടങ്ങിയത്. നമ്മുടെ നാട്ടിലെ നിയമങ്ങൾ ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയതായിരുന്നു എന്ന് ഓർക്കുക (ബ്രിട്ടനിൽ ആ നിയമം എന്നേ തള്ളിക്കളയുകയും സ്വവർഗവിവാഹം വരെ നിയമ വിധേയമാവുകയും ചെയ്തു എന്നത് വേറെ കാര്യം) . എന്നാൽ വ്യാവസായിക വിപ്ലവത്തിന്റെയും തുടർന്നുണ്ടായ വിദ്യഭ്യാസ- ശാസ്ത്ര വിസ്ഫോടനത്തിന്റെയും ഫലമായി പാശ്ചാത്യ ലോകത്ത് ഉയര്ന്നു വന്ന സ്വതന്ത്ര ആശയങ്ങൾ സ്വവർഗാനുരാഗിയെ മതങ്ങളുടെ എതിർപ്പിനെ വകവെക്കാതെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാൻ ശ്രമിക്കുകയുണ്ടായി. കറുത്തവന്റെയും തൊഴിലാളിയുടെയും വിമോചനസമരം അവിടങ്ങളിൽ നിന്ന് തുടങ്ങിയത് പോലെ തന്നെ സ്വവർഗാനുരാഗിയുടെ സമരവും അവിടെ നിന്ന് തന്നെ തുടങ്ങി എന്നേ ഉള്ളൂ.

സമൂഹത്തിൽ മുഖം മൂടി ധരിച്ച് ജീവിക്കുകയും സമൂഹത്തെ ഭയന്ന് വിവാഹം കഴിക്കുകയും കടുത്ത മാനസിക സംഘര്ഷം അനുഭവിക്കുകയും ചെയ്യുന്ന സ്വവർഗാനുരാഗിയെ അയാളുടെ കുടുംബത്തെ അതിൽ നിന്ന് രക്ഷിക്കാൻ സ്വവർഗാനുരാഗിയായിരിക്കുക എന്നത് ഒളിച്ച് വെക്കേണ്ട കാര്യമല്ല എന്ന് വിളിച്ച് പറയുക തന്നെ വേണം. സ്വവർഗാനുരാഗിയായി എന്ന കാരണത്താൽ താൻ സ്വയം എന്തോ വലിയ തെറ്റാണ് എന്ന് കരുതി ജീവിക്കുന്നവരെയും ആത്മഹത്യ ചെയ്യുന്നവരെയും സഹായിക്കാൻ നിങ്ങൾ എന്ത് തന്നെയായാലും നിങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് പറയണം.

തങ്ങളുടെ കുഞ്ഞിനെനെതോ കുഴപ്പുണ്ട് അല്ലെങ്കിൽ അവനിങ്ങനെ ആയാൽ ആളുകളെന്ത് പറയും എന്ന് കരുതി കുട്ടികളെ സ്വവർഗാനുരാഗത്തിൽ നിന്ന് രക്ഷിക്കാൻ എന്ന പേരില് മുറി വൈദ്യന്മാരുടെ അടുത്ത പ്രാകൃത ചികിത്സക്ക് അയക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്വവർഗാനുരാഗം കൊണ്ട് ഒരു കുഴപ്പവും ഇല്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്. ആരോ അമേരിക്കയിൽ പടക്കം പൊട്ടിച്ചതിന് ഇവിടെ ചെവി പൊത്തിപ്പിടിച്ചതല്ല എന്ന് സാരം. പ്രശ്നം ഇവിടെ നമ്മുടെ ചുറ്റിലും ജീവിക്കുന്നവരുടെതാണ്. നിങ്ങൾ സ്വവര്ഗാനുരാഗിയെ ശപിക്കുംപോൾ അത് കേട്ട് നിങ്ങളുടെ വീട്ടിൽ പോലും ഒരു കുഞ്ഞ് കരയുന്നുണ്ടാവാം നിങ്ങളുടെ ഓഫീസിലും ക്ലാസ്മുറിയിലും നിങ്ങൾ താമസിക്കുന്ന അപാർറ്റ്മെന്റ് കെട്ടിടത്തിലും സഞ്ചരിക്കുന്ന ബസ്സിലും ട്രെയ്നിലും എല്ലാം സ്വവർഗാനുരാഗികൾ ഉണ്ടാവാം. ഒരു വലിയ മുഖം മൂടിയണിഞ്ഞ് സമൂഹത്തിൽ ജീവിക്കുന്നവരോട് ഒരു പ്രണയവും പാപമല്ല എന്ന് പറയുന്നത് എങ്ങിനെയാണ് തെറ്റാവുന്നത്?? എല്ലാവർക്കും അവകാശപ്പെട്ട പ്രണയവും വിവാഹവും അവർക്ക് മാത്രം നിഷേധിക്കുന്നതെന്തിനാണ് ? എന്ത് അപകടമാണ് അതിവിടെ വരുത്താൻ പോവുന്നത്??? പതിറ്റാണ്ടുകളായി സ്വവർഗ വിവാഹം അനുവദിച്ച ബെൽജിയം, ഹോളണ്ട്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളിൽ എന്ത് പ്രശ്നമാണ് ഉണ്ടായത്? ഈ രാജ്യങ്ങൾ എല്ലാ സൂചികകൾ അനുസരിച്ചും ലോകത്തിലെ ഏറ്റവും മികച്ച സാമൂഹികനിലവാരം പുലർത്തുന്നവ കൂടിയാണ് എന്നും അറിയുക. രണ്ടു പ്രായപൂർത്തിയായവർ അവരുടെ സ്വകാര്യതത്തിൽ എന്ത് ചെയ്യുന്നു എന്ന് നോക്കാൻ സ്റേറ്റിനോ പോലീസിനോ സദാചാര പോലീസിനോ യാതൊരു അവകാശവും ഇല്ല. കല്യാണം കഴിക്കാനും കുടുംബം വളർത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് എങ്കിൽ സ്വവര്ഗാനുരാഗിയാണ് എന്നതിന്റെ പേരില് അതാർക്കും നിഷേധിക്കാനും പാടില്ല. ഇത് കേവലം ലൈംഗികതക്ക് വേണ്ടിയുള്ള അവകാശമല്ല. തുല്ല്യതക്ക് വേണ്ടിയുള്ള സമരമാണ്. ഒരാളുടെ നിറത്തിന്റെ പേരില് വംശത്തിന്റെ പേരില്, ഭാഷയുടെയോ ദേശത്തിന്റെയോ പേരില് തുല്യാവകാശം നിഷേധിക്കപ്പെടാൻ പാടില്ലാത്തത് പോലെ അയാളുടെ ലൈംഗികതയുടെ പേരിലും ബാക്കി ഉള്ളവർക്കുള്ള അവകാശം ആ ആള്ക്ക് നിഷേധിക്കാൻ പാടില്ല. ഓരോ പ്രശ്നങ്ങൾ തീർന്നിട്ടെ വേറെ പ്രശ്നം ഉയർത്തിക്കൊണ്ടു വരാൻ പാടുള്ളൂ എന്നായിരുന്നു എങ്കിൽ ഇവിടെ ഒരു സമരവും നടക്കില്ലായിരുന്നു. ഇഷ്ടമുള്ളവരോടോത്തുള്ള ലൈംഗികതയും പ്രണയവും വിവാഹവും അടിസ്ഥാന മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും ആണ്. അത് ഒരു കാരണം പറഞ്ഞും നിഷേധിക്കാൻ പാടില്ല. ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുമ്പോഴും ക്ഷേത്ര പ്രവേശന സമരം നടക്കുംപോഴും മാറ് മറക്കാനുള്ള സമരം നടക്കുമ്പോഴും കുട്ടികൾ പട്ടിണി കിടന്നിരുന്നു എന്ന് മാത്രം ഓർക്കുക (ഇങ്ങനെ പറഞ്ഞവർ ഈ പട്ടിണി കിടക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പറയുക)

1) The Williams Institute. Census

http://williamsinstitute.law.ucla.edu/…/how-many-people-ar…/

2) The American Academy of Pediatrics Magazine ‘Pediatrics’ in 2004

3 ) https://en.wikipedia.org/…/Environment_and_sexual_orientati…

4 ) https://en.wikipedia.org/…/Epigenetic_theories_of_homosexua…

5 ) http://news.nationalgeographic.com/…/…/080616-gay-brain.html

6 ) http://www.cdc.gov/nchs/data/nhsr/nhsr036.pdf

7 ) https://en.wikipedia.org/wiki/History_of_homosexuality

© 2024 Live Kerala News. All Rights Reserved.