അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി;15 പാക് സൈനികരെ ബിഎസ്എഫ് വധിച്ചു; കൊല്ലപ്പെട്ടത് 13 റേഞ്ചേഴ്‌സും 2 ഫ്രോണ്ടിയര്‍ ഫോഴ്‌സ് സൈനികരും

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി.പാക് അതിര്‍ത്തി രക്ഷാസേനയിലെ 15 പേരെ വധിച്ചെന്ന് ബിഎസ്എഫ് അറിയിച്ചു. ഇന്ന് നടന്ന സൈനിക നടപടിയിലാണ് ഇന്ത്യന്‍ സൈന്യം ഇവരെ വധിച്ചത്. 13 റേഞ്ചേഴ്‌സും 2  ഫ്രോണ്ടിയര്‍ ഫോഴ്‌സ് സൈനികരുമാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെ തുടര്‍ന്നാണ് ശക്തമായ പ്രത്യാക്രമണം ഇന്ത്യ നടത്തിയത്.മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പ്രത്യാക്രമണമാണിത്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്. ഇതേത്തുടര്‍ന്ന് ശക്തമായ തിരിച്ചടി നല്‍കാന്‍ ബിഎസ്എഫിന് നിര്‍ദേശം നല്‍കിയിരുന്നു. പാക്ക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ പ്രകോപനം ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ 24 ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്ക് വെടിവയ്പ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും 200 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ ഏഴു പാക്ക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ കത്തുവ ജില്ലയില്‍ ഹിര നഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തതോടെയാണു ബിഎസ്എഫ് ശക്തമായ പ്രത്യാക്രമണം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.