അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം;സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണവും വെടിവെപ്പും;ഒരു സൈനികന് വീരമൃത്യു; ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന പരാജയപ്പെടുത്തി; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നു.നിയന്ത്രണരേഖയ്ക്കു സമീപം നിരവധി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണത്തില്‍ താന്തര്‍ മേഖലയില്‍ ഒരു സൈനികന്‍ മരിച്ചു.ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായി അതിര്‍ത്തിരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമവും ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച ആക്രമണം രാത്രി വൈകിയും തുടര്‍ന്നു. പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ജയ്‌ഷെ മൊഹമ്മദ് ഭീകരവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. പാക് സൈനിക കമാന്‍ഡോകളുടെ പിന്തുണയോടെയായിരുന്നു ഷെല്ലാക്രമണത്തിന്റെ മറവില്‍ നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ ശ്രമം നടത്തിയത്. എകെ 47, പിസ്റ്റള്‍, യുബിജിഎല്‍ ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം ഭീകരരുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇപ്പോള്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കഴിഞ്ഞ ദിവസം പാകിസ്താന് താക്കീത് നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.