അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്;ആറ് ഗ്രാമീണര്‍ക്ക് പരുക്ക്; വെടിവെപ്പുണ്ടായത് ആര്‍ എസ് പുര സെക്ടറില്‍; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു.വ്യാഴാഴ്ച പുലര്‍ച്ചെ ആര്‍എസ് പുര സെക്ടറിലുണ്ടായ വെടിവെപ്പില്‍ ആറ് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച വൈകിട്ട് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാനു പരിക്കേറ്റിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എ.കെ.ഉപാധ്യായയ്ക്കാണു ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്. വെടിവെപ്പില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും പ്രകോപനമില്ലാതെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മിഷണര്‍ പാകിസ്താന് താക്കീത് നല്‍കിയിരുന്നു. അതേസമയം, ഇന്ത്യയാണ് കരാര്‍ ലംഘിച്ചതെന്നാണ് പാക് ആരോപണം. ഇന്ത്യന്‍ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായും പാക് വിദേശകാര്യ ഓഫീസ് ആരോപിച്ചു. ഇതിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് 27 പാക്ക് സൈനിക പോസ്റ്റുകളും 18 നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്ക് സൈന്യത്തിന് ബിഎസ്എഫ് നല്‍കിയ തിരിച്ചടിയില്‍ കുറഞ്ഞത് ഏഴ് പാക് റേഞ്ചേഴേസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായും ബിഎസ്എഫ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.