ഇ.പി ജയരാജന്‍ വീണ്ടും കുരുക്കില്‍;കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിന് വനംവകുപ്പില്‍ നിന്നും 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു; വനം വകുപ്പ് ജയരാജന്റെ ശുപാര്‍ശ തള്ളി

തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇപി ജയരാജന്‍ വീണ്ടും കുരുക്കില്‍.ഇ.പി ജയരാജന്‍ കുടുംബക്ഷേത്രത്തിനായി മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചു. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി 1200 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടി ആവശ്യപ്പെട്ട് ജയരാജന്‍ വനംവകുപ്പിന് കത്തയച്ചു.വ്യവസായ വകുപ്പ് മന്ത്രിയുടെ ലെറ്റര്‍പാഡില്‍ ജയരാജന്‍ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പരിഗണിക്കണമെന്ന് കാണിച്ചുളള ലെറ്റര്‍ മന്ത്രി വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇ.പി ജയരാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള ക്ഷേത്രം നവീകരിക്കുന്നതിന് വേണ്ടിയാണ് തേക്ക് ആവശ്യപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതെസമയം മന്ത്രിയായിരുന്ന ജയരാജന്‍ ആവശ്യപ്പെട്ട അമ്പത് കോടി രൂപ വിലവരുന്ന 1200 മീറ്റര്‍ ക്യുബിക് തേക്ക് നല്‍കാന്‍ കഴിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇത് ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് കാണിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനംമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതും ജയരാജന്റെ ശുപാര്‍ശ തള്ളിക്കളഞ്ഞതും. കത്ത് കിട്ടിയ കാര്യം വനംവകുപ്പ് മന്ത്രി കെ.രാജു സ്ഥിരീകരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.