എസി മൊയ്തീനും മണിയാശാനും അഭിവാദ്യമര്‍പ്പിച്ച് ഇ പി ജയരാജന്‍; പുതിയൊരു മന്ത്രി വരേണ്ടത് അനിവാര്യത; തീരുമാനം താന്‍ കൂടി പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റിന്റേത്

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും അഭിവാദ്യമര്‍പ്പിച്ച് മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. താനും കൂടി അംഗമായ സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനമാണ് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തത്. താന്‍ ഒഴിഞ്ഞുവച്ച ഒഴിവിലേക്ക് പുതിയൊരു മന്ത്രി വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയരാജനും വിഎസ് അച്ച്യതാനന്ദനും പങ്കെടുത്തിരുന്നില്ല. ഇതിനെല്ലാം ശേഷം ആദ്യമായാണ് ജയരാജന്റെ പ്രതികരണം വന്നിരിക്കുന്നത്. മാധ്യമങ്ങളെ വിമര്‍ശിക്കുന്നതിനും ജയരാജന്‍ മറന്നില്ല.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

എൽ.ഡി.എഫ് മന്ത്രിസഭയിൽ നിന്നും ഞാൻ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബർ 14 ന് ഞാൻ രാജി വെച്ചപ്പോൾ മുതൽ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാൾക്ക് നൽകേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങൾ എനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സി.പി.ഐ (എം) നേതൃത്വത്തിനിടയിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എൽ.ഡി.എഫ് ഗവൺമെന്റിന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളെ തമസ്കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോൾ പ്രചരണങ്ങൾ നടത്തുന്നത്.
സഖാവ് പിണറായി വിജയൻ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങൾ.

© 2024 Live Kerala News. All Rights Reserved.