തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു; ആരെയും ചട്ടവിരുദ്ധമായി നിയമിച്ചിട്ടില്ല;മാധ്യമങ്ങള്‍ വേട്ടയാടി; രാജി ഉന്നതമായ രാഷ്ട്രീയ ചിന്തയുള്ളത് കൊണ്ടാണെന്നും ഇപി ജയരാജന്‍

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദത്തില്‍ പെട്ട മുന്‍ വ്യവസായ മന്ത്രി ഇപി ഇയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയിരിക്കുന്നു.തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചുവെന്ന് ഇ.പി.ജയരാജന്‍. വേണമെങ്കില്‍ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും നിയമസഭയില്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. തന്റെ രാജി ഉന്നതമായ രാഷ്ട്രീയ ചിന്തയുള്ളത് കൊണ്ടാണെന്നും ആരെയും ചട്ടവിരുദ്ധമായി നിയമിച്ചിട്ടില്ലെന്നും ജയരാജന്‍ സഭയെ അറിയിച്ചു.മാധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.വ്യവസായ മന്ത്രിയായി ചുതലയേല്‍ക്കുമ്പോള്‍ വകുപ്പില്‍ അഴിമതിയും ധൂര്‍ത്തും ശക്തമായിരുന്നുവെന്നു പറഞ്ഞ ജയരാജന്‍ മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുത്തെന്നും അറിയിച്ചു . അഴിമതിക്കാര്‍ക്ക് അഴിമതി തുടരാനുള്ള സാഹചര്യമില്ലാതെ വന്നു. നടപടി വന്നപ്പോള്‍ എനിക്ക് ശത്രുക്കളുണ്ടായി. എന്നെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ വഴങ്ങിയില്ല. 12 ദിവസമായി മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ചട്ടവും നിയമവും പാലിച്ചുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പൂജാ അവധിക്കായി പിരിഞ്ഞ നിയമസഭ ഇന്നാണ് പുനരാരംഭിച്ചത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപമായിരുന്നു ജയരാജന്റെ സ്ഥാനം. ഇപ്പോള്‍ എ.കെ.ബാലനാണ് ആ ഇരിപ്പിടത്തില്‍ ഇരിക്കുന്നത്. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും ബന്ധുനിയമനങ്ങളിലും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. വി.ഡി.സതീശന്‍ ആണ് നോട്ടീസ് നല്‍കിയത്. തുടര്‍ സമരപരിപാടി ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം വൈകിട്ട് ചേരും.

© 2024 Live Kerala News. All Rights Reserved.