കെ.ബാബുവിനെ കാത്ത് വിജിലന്‍സിന്റെ 100 ചോദ്യങ്ങള്‍;മക്കളുടെ വിവാഹചെലവും വിജിലന്‍സ് അന്വേഷിക്കും

കൊച്ചി:അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് തയ്യാറാക്കിയത് 100 ചോദ്യങ്ങളുടെ ചോദ്യാവലി.ബാബുവിന്റെ മക്കളുടെ വിവാഹചെലവിന്റെ കണക്കുകള്‍ വിജിലന്‍സ് ചോദിച്ചറിയും. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ഇതുള്‍പ്പെടെ നൂറോളം ചോദ്യങ്ങള്‍ തയ്യാറാക്കിയതായാണ് ലഭിക്കുന്ന വിവരം. ഇരുന്നൂറ് പവനിലേറെ സ്വര്‍ണം നല്‍കിയാണ് ബാബുവിന്റെ ഒരു മകളുടെ വിവാഹം നടത്തിയത്. മകളുടെ വിവാഹചെലവ് അടക്കം അന്വേഷണവിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിലെ ആഡംബരമാണ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാബുറാമുമായുള്ള ബന്ധവും ബാബു വിശദീകരിക്കേണ്ടി വരും.വിജിലന്‍സിന്റെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുക. ചോഗ്യം ചെയ്യാല്‍ തുടങ്ങി. ബാബുവിനെതിരെയുളള കൂടുതല്‍ തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ബാബുവിന്റെ ബിനാമി ബന്ധത്തിനുളള നിരവധി തെളിവുകള്‍ വിജിലന്‍സിന് കിട്ടിയതായാണ് വിവരം. ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമുമായുളള ബന്ധം വെളിവാക്കുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്.നേരത്തെ ബാര്‍കോഴക്കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പും ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനുളള തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു ഉള്‍പ്പടെ മൂന്ന്‌പേരെ പ്രതി ചേര്‍ത്താണ് വിജിലന്‍സ് നേരത്തെ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കുമ്പളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

© 2024 Live Kerala News. All Rights Reserved.