കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്; ബാബുറാം ബാബുവിന്റെ ബിനാമി തന്നെയെന്ന് വിജിലന്‍സ്; ബാബുറാം ശങ്കര്‍ റെഡ്ഡിക്ക് നല്‍കിയ കത്ത് കണ്ടെത്തി; നാളെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് നാളെ വീണ്ടും ചോദ്യം ചെയ്യും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ നടപടി. ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമുമായുളള ബന്ധം തെളിവാക്കുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. നേരത്തെ ബാര്‍കോഴക്കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പും ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനുളള തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു ഉള്‍പ്പടെ മൂന്ന്‌പേരെ പ്രതി ചേര്‍ത്താണ് വിജിലന്‍സ് നേരത്തെ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കുമ്പളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സ്റ്റീല്‍ കമ്പനികള്‍ എന്നിവയില്‍ ബാബുവിന് ബിനാമി ബിസ്‌നസ് പങ്കാളിത്തമുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു.തൃപ്പൂണിത്തുറ റോയല്‍ ബേക്കേഴ്‌സ് ഉടമ മോഹനനുമായി ഇടപാടുകള്‍ നടത്തി. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ബാബുവിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങി. ബാര്‍കോഴ ആരോപണം പുറത്തുവന്നപ്പോള്‍ കാര്‍ വിറ്റു. തമിഴ്‌നാട്ടിലെ തേനിയില്‍ ബാബുവിന് 120 ഏക്കര്‍ ഭൂമിയുണ്ടെന്നും എഫ്‌ഐആര്‍ പറയുന്നു.അനധികൃത സ്വത്ത് സമ്പാദനം കെ ബാബു മന്ത്രിയായിരുന്ന കാലയളവിലാണെന്നും എഫ്‌ഐആര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.