കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് സര്‍ക്കാര്‍; ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കിയത് അന്വേഷിക്കണമെന്ന് എജി; സര്‍ക്കാരിന്റെ കത്ത് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ബാബു എക്‌സൈസ് മന്ത്രിയായിരുന്ന കാലത്ത് ബാറുകള്‍ക്ക് ലൈസന്‍സുകള്‍ മടക്കി നല്‍കിയതില്‍ സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്ന പരാതിയിലാണ് സര്‍ക്കാരിന്റെ നടപടി.ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.നാലു ബാറുകള്‍ക്ക് കെ ബാബു ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കിയതില്‍ ഒത്തുകളി നടന്നതായി സംശയിക്കുന്നുണ്ട്.ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ കത്ത് എഴുതിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പാണ് സൂപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഇന്ന് ഹാജരാക്കിയത്. അതെസമയം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് സമാനമായ കേസുകളില്‍ പണം തിരികെ നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ത്രീ സ്റ്റാര്‍ ബാര്‍ ലൈസെന്‍സ് ലഭിച്ച 10 ഹോട്ടലുകളില്‍ നിന്ന് ഒരു വര്‍ഷത്തെ ലൈസന്‍സ് ഫീസ് ഇനത്തില്‍ 22 ലക്ഷം രൂപ സര്‍ക്കാര്‍ മുന്‍കൂറായി ഈടാക്കിയിരുന്നു. എന്നാല്‍ ലൈസെന്‍സ് ലഭിക്കുന്നതിന് ഉണ്ടായ കാലതാമസം പരിഗണിച്ച് പത്തു മാസത്തെ ലൈസന്‍സ് ഫീസ് മടക്കി നല്‍കണം എന്ന് ആവശ്യപ്പെട്ടു ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ബാറുകള്‍ പ്രവര്‍ത്തിക്കാത്ത കാലഘട്ടത്തില്‍ ഉള്ള ലൈസന്‍സ് ഫീസ് തിരികെ നല്‍കണം എന്ന് ഉത്തരവ് ഇട്ടു. എന്നാല്‍ പത്തു ബാറുകളില്‍ നാല് ബാറുകള്‍ക്ക് പണം തിരികെ നല്‍കുകയും, ആറു ബാറുകള്‍ക്ക് എതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയും ആണ് സര്‍ക്കാര്‍ ചെയ്തത്. ഡിവിഷന്‍ ബെഞ്ചും ബാര്‍ ഉടമകള്‍ക്ക് അനുകൂലം ആയാണ് ഉത്തരവിട്ടത്. ഇതിന് എതിരായ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതിന് ഇടയിലാണ്, നാലു ബാറുകള്‍ക്ക് പണം തിരികെ നല്‍കിയതില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.