ബാബുറാം കത്തയച്ചത് തന്റെ അറിവോടെയല്ല; ബാബുറാമുമായി യാതൊരു ബന്ധവുമില്ലെന്നും കെ ബാബു

കൊച്ചി: ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്ന് കാണിച്ച് ബാബുറാം എന്നയാള്‍ മുന്‍ ആഭ്യന്തരമന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് മുന്‍മന്ത്രി കെ ബാബു. ബാബുറാം കത്തയച്ച വിവരം അറിഞ്ഞത് ഇന്നലെ മാധ്യമങ്ങളില്‍ നിന്നാണ്.ബാബുറാമുമായി യാതൊരു ബിസിനസ് ബന്ധവും തനിക്കില്ല. അദ്ദേഹം കത്തയച്ചതിന്റെ പേരില്‍ തനിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.ബാബുറാമിനെ പോലും തനിക്ക് അറിയില്ല. അയാള്‍ തന്റെ ബിനാമിയല്ലെന്നും ബാബു മാധ്യമങ്ങളോടു പറഞ്ഞു. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ബാബുറാം അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ബാര്‍ കോഴക്കേസ് കെട്ടച്ചമച്ചതാണെന്നും കേസ് പിന്‍വലിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. മുന്‍മന്ത്രി കെ ബാബുവിന്റെ ബിനാമിയാണ് ബാബുറാം എന്നതിന്റെ തെളിവാണ് കത്തുകളെന്നാണ് അന്വേഷണസംഘം കരുതുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് ഓഫീസില്‍ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. റെയ്ഡില്‍ കണ്ടെത്തിയ കത്തുകള്‍ അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് രണ്ടാം തവണയും ബാബുവിനെ ചോദ്യം ചെയ്യുന്നത്. ഇതിനുവേണ്ടി വിശദമായ ചോദ്യാവലി വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടക്കമുള്ളവ വിവരങ്ങള്‍ അറിയാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.