ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കുമെന്ന് വിജിലന്‍സ്; ജയരാജനെതിരായ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചു; നിയമനങ്ങളുടെ ഫയലുകള്‍ ആവശ്യപ്പെട്ടു; ജയരാജന്‍ അടക്കമുളളവരുടെ മൊഴിയും എടുക്കും

തിരുവനന്തപുരം:മന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇ.പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കുമെന്ന് വിജിലന്‍സ്. സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരുടെ ക്രമവിരുദ്ധ നിയമനമാണ് അന്വേഷിക്കുന്നതെങ്കിലും ജയരാജന്‍ നാലു മാസത്തിനിടെ നടത്തിയ എല്ലാ നിയമനവും റിയാബ് നടത്തിയ നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ജയരാജനെതിരായ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ എസ്പി എസ്.ജയകുമാറിന്റെ സംഘത്തില്‍ രണ്ടു ഡിവൈഎസ്പിമാരെയും ഒരു ഇന്‍സ്‌പെക്ടറെയും കൂടി ഉള്‍പ്പെടുത്തി. എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണു ഡയറക്ടറുടെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയത് ഉള്‍പ്പെടെ നാലുപേരുടെ പരാതികളാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. വ്യവസായ വകുപ്പിലെ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനായി വിജിലന്‍സ് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കും. തുടര്‍ന്നായിരിക്കും ജയരാജന്‍ അടക്കമുളളവരുടെ മൊഴി എടുക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ തിങ്കളാഴ്ച അറിയിക്കണമെന്നാണ് വിജിലന്‍സ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയത്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

© 2024 Live Kerala News. All Rights Reserved.