ഇ. പി ജയരാജന്‍ രാജിവെച്ചു;തീരുമാനം സിപിഐഎം സെക്രട്ടറിയേറ്റില്‍;നടപടി ബന്ധുനിയമന വിവാദത്തില്‍; മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ താത്പര്യമില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജിക്കാര്യം ധാരണയായത്. എകെജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയിലും ശക്തമായ പശ്ചാത്തലത്തിലാണ് രാജി.ബന്ധുനിയമന വിവാദം സംബന്ധിച്ച് സെക്രട്ടറിയേറ്റ് ചര്‍ച്ച നടത്തിയെന്നും വ്യവസായ വകുപ്പില്‍ അടുത്ത ബന്ധുവിനെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി നിയമിച്ചത് തെറ്റാണെന്ന് യോഗത്തില്‍ ഇ.പി ജയരാജന്‍ തുറന്ന് സമ്മതിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും മുന്‍കാലഗവര്‍ണ്‍മെന്റുകളില്‍ നിന്നും വ്യത്യസ്തമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്ന് തെളിയിക്കാന്‍ രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്ന് ജയരാജന്‍ പറയുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ജയരാജന്റെ രാജിതീരുമാനം അംഗീകരിക്കണമെന്ന നിലപാടിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ താത്പര്യമില്ലെന്നും പാര്‍ട്ടിയുടെ യശ്ശസ് ഉയര്‍ത്തിപ്പിടിക്കണമെന്നും ജയരാജന്‍ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.