ഇപി ജയരാജനെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്;അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടേതാണ് ഉത്തരവ്.ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ യൂണിറ്റ്2നാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്ടര്‍ നാളെ ഉത്തരവിറക്കും. നിയമോപദേശകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ജയരാജന്‍ സ്വജനപക്ഷപാതം കാണിച്ച് അഴിമതി നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. തീരുമാനം പുറത്തുവന്നതോടെ ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറി. സ്വന്തക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ച മന്ത്രി ഇപി ജയരാജനെതിരെ ഏത് തരത്തിലുളള അന്വേഷണം വേണമെന്ന് വിജിലന്‍സിന് തീരുമാനം എടുക്കാമെന്നാണ് നിയമോപദേശകര്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് നിയമോപദേശം നല്‍കിയിരുന്നു. ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് നിയമോപദേശകര്‍ അറിയിച്ചത്. ജയരാജനെതിരെ വിജിലന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം വേണോ, വേണ്ടയോ എന്നുളള നിര്‍ണായക തീരുമാനം കൈക്കൊള്ളുന്നതിന് മുന്നോടിയായി വിജിലന്‍സ് ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു രാവിലെ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ തന്റെ പതിവ് വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. തുടര്‍ന്നാണ് വിജിലന്‍സ് ആസ്ഥാനത്ത് നിയമോപദേശകരുമായി ജേക്കബ് തോമസ് ചര്‍ച്ച നടത്തിയത്.

© 2024 Live Kerala News. All Rights Reserved.