യേശുക്രിസ്തുവും മുഹമ്മദ് നബിയും ഗോരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍; ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദ്ധരണികള്‍ അടിസ്ഥാനരഹിതമാണെന്ന് അഭിപ്രായം

അഹമ്മദാബാദ്: യേശുക്രിസ്തുവും പ്രവാചകന്‍ മുഹമ്മദ് നബിയും ഗോരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണെന്ന് ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ‘ഗോവന്ദന കാര്യസരിത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രവാചകനെയും ക്രിസ്തുവിനെയും ഉദ്ധരിച്ച് ഗോരക്ഷാ സംബന്ധമായ ഭാഗമുള്ളത്. ‘പശുക്കിടാങ്ങളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്ല്യമാണെന്ന് ക്രിസ്തു പറഞ്ഞതായി ലേഖനത്തില്‍ പറയുന്നു.’ പശുക്കളെ ബഹുമാനിക്കണം, കാരണം അത് മൃഗങ്ങളില്‍ വിശേഷപ്പെട്ടവളാണ്. പശു നല്‍കുന്ന പാലും നെയ്യുമെല്ലാം അമൃതിന് തുല്ല്യമാണ്. ഗോമാംസം കഴിക്കുന്നത് രോഗങ്ങളുടെ പ്രധാന കാരണമാകും.’ പ്രവാചകന്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടുള്ളതായി ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
‘ക്രിസ്തു എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാട്ടണമെന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാതെ പശുവിനെക്കുറിച്ച് പ്രത്യേകം ഒന്നും പറഞ്ഞിട്ടില്ല.’ സെന്റ് സേവിയര്‍ ലയോള ഹാള്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. എഫ്. ദുരൈ പറഞ്ഞു. അറേബ്യയിലാണ് മുഹമ്മദ് നബി ജീവിച്ചത്. അന്നവിടെ പശുക്കളില്ലായിരുന്നു. അദ്ദേഹം ജീവിതത്തിലൊരിക്കലും പശുവിനെ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലൊരു പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും ജമിയാത്തെ ഉല്‍മാ ഹിന്ദിന്റെ ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി മുഫ്തി അബ്ദുല്‍ ഖയ്യൂം ഹഖ് പ്രതികരിച്ചു. വെബ്‌സൈറ്റില്‍ ലേഖനം പ്രത്യക്ഷപ്പെട്ടതോടെ അതില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദ്ധരണികള്‍ അടിസ്ഥാനരഹിതമാണെന്ന അഭിപ്രായവുമായി നിരവധിയാളുകളാണ് പ്രതികരണവുമായെത്തിയത്. എന്നാല്‍ തങ്ങള്‍ വിശ്വസനീയമായ രേഖകളില്‍നിന്നാണ് ക്രിസ്തുവിന്റെയും നബിയുടെയും ഉദ്ധരണികള്‍ എടുത്തിട്ടുള്ളത്. പശുമാംസത്തിന്റെ ഉപയോഗം കുറയ്ക്കാനും ഗോവധം തടയാനുമാണ് ലേഖനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഗോസേവ ബോര്‍ഡ് ചെയര്‍മാന്‍ വല്ലബ് കഠീരിയ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.