ഇപി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു;നിയമന കാര്യത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ സമ്മതിച്ചു;ജയരാജനെതിരെ അന്വേഷണം നടത്താമെന്ന് വിജിലന്‍സിന് നിയമോപദേശം

തിരുവനന്തപുരം: ബന്ധു നിയമനവിവാദത്തിലകപ്പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു.കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമന കാര്യത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്.പാര്‍ട്ടി പറയുന്നതിനു മുന്‍പേ രാജിവയ്ക്കാന്‍ തയാറാണെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കില്ലെന്നും ജയരാജന്‍ കോടിയേരിയെ അറിയിച്ചുവെന്നാണ് സൂചന.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തി. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്നു ജയരാജനെ മാറ്റാതെ വകുപ്പു മാത്രം മാറ്റുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് ഘടകക്ഷികളായ ജനതാദളിന്റെയും എന്‍സിപിയുടെയും ആവശ്യം. ജയരാജനെതിരെ സിപിഐയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതെസമയം നിയമനവിവാദത്തില്‍ മന്ത്രി ഇ.പി ജയരാജനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിയമോപദേശം. ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഏത് തരം അന്വേഷണം നടത്താമെന്നും നിയമോപദേശത്തില്‍ പറയുന്നു. ജയരാജനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ വേണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന് നിലപാടെടുക്കാം.
.

© 2024 Live Kerala News. All Rights Reserved.