ഭീകരവാദ ക്യാമ്പുകള്‍ക്കെതിരെ പാക്കധീന കശ്മീരില്‍ നാട്ടുകാരുടെ പ്രതിഷേധം; ഭീകരരെ ഇല്ലായ്മ ചെയ്യണം, ഭീകരര്‍ക്ക് താവളം നല്‍കിയതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും പ്രദേശവാസികള്‍

മുസഫറാബാദ്: പാക്ക് അധീന കാശ്മീരിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാരുടെ പ്രതിഷേധം. മുസാഫറാബാദ്, കോട്ട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്‌വര എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. വര്‍ഷങ്ങളായി ഇവിടെ ഭീകര പരിശീലന ക്യാംമ്പുകളുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഭീകരരെ ഇല്ലായ്മ ചെയ്യണമെന്നും ഭീകരര്‍ക്ക് താവളം നല്‍കിയതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സമാധാനത്തോടെ ജീവിക്കാന്‍ ഇവിടെ സാധിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാക്ക് അധീന കാശ്മീരികളാണ് ഇത്തരം ഭീകരവാദ സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെയുള്ള നിഴല്‍യുദ്ധത്തിന് പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ തങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കുകയാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. താലിബാന്റെ ഭീകര ക്യാമ്പുകള്‍ നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി. നിരോധിക്കപ്പെട്ട സംഘടനകള്‍ക്കും ഭീകരക്യാമ്പുകള്‍ക്കും ഭക്ഷണവും റേഷനും ഇവിടെ നല്‍കുന്നതായി പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദിലുള്ള പ്രാദേശിക നേതാവ് അറിയിച്ചു. മേഖലയിലെ സ്ത്രീകളോട് ഇവര്‍ അപമര്യാദയായി പെരുമാറാറുണ്ടെന്നും ഭീകരര്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന നാട്ടുകാര്‍ പറയുന്നു. ഭീകരക്യാമ്പുകള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം.

© 2024 Live Kerala News. All Rights Reserved.