അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; കുല്‍ഗാമിലെ പൊലീസ് സ്‌റ്റേഷനുനേരെ ഭീകരവാദി അക്രമണം;ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

കശ്മീര്‍:അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പ് തുടരുന്നു.ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ യാരിപ്പോര പൊലീസ് സ്‌റ്റേഷനു നേരെ ഭീകരവാദി അക്രമണം.ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് പ്രതിരോധ വക്താവ് കേണല്‍ മനീഷ് മത്തേ അറിയിച്ചു. തോക്കുമായി വന്ന കുറച്ച് ആളുകള്‍ പോലീസ് സ്‌റ്റേഷനിലേക്ക് തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണ സാധ്യതയുണ്ടായിരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സാധിച്ചതായും എസ്പി അറിയിച്ചു. തിരിച്ച് വെടിവയ്പ്പ് നടത്തിയതിനാല്‍ ഭീകരര്‍ രക്ഷപെട്ടതായി കരുതുന്നു. പാകിസ്താന്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. നേരത്തേയും കശ്മീരിന്റെ പല അതിര്‍ത്തി പ്രദേശങ്ങളിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. പൂഞ്ച് ജില്ലയിലെ മണ്ഡി, സബ്‌സിയാന്‍, ഷാപുര്‍, കൃഷ്ണഗതി എന്നീ സൈനിക പോസ്റ്റുകള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സൈനിക പോസ്റ്റിലെ ഒരു ഡീസല്‍ ടാങ്ക് ഷെല്‍ പൊട്ടി തീപിടിച്ചതിനെതുടര്‍ന്ന് നിരവധി കടകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനുശേഷം നിയന്ത്രണരേഖയില്‍ രൂക്ഷമായ വെടിവെപ്പാണ് നടക്കുന്നത്.അതിനിടെ, വിഘടനവാദികളുടെ പ്രക്ഷോഭത്തെതുടര്‍ന്ന് കശ്മീരില്‍ തുടര്‍ച്ചയായ 88ാം ദിവസവും സാധാരണ ജീവിതം തടസ്സപ്പെട്ടു. അവശ്യസാധനങ്ങള്‍ക്കായി ചില കടകള്‍ തുറന്നിരുന്നെങ്കിലും വാഹനങ്ങള്‍ ഓടിയില്ല. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല. ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. വീണ്ടുമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യ സേന ബലം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.