കോഴിക്കോഴ കേസില്‍ കെഎം മാണിയുടെ ഹര്‍ജി തള്ളി; വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും ഹൈക്കോടതി

കൊച്ചി: കോഴി വ്യാപാരികള്‍ക്ക് നികുതി ഇളവ് കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്മുന്‍ മന്ത്രി  കെഎം മാണി സര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കണ്ണും കാതും മനസ്സും തുറന്ന് കേസ് അന്വേഷിക്കണമെന്നും കോടതി. കോഴി നികുതിക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്. സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 62 കോടിയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്‍കി എന്ന കേസിലായിരുന്നു വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്. വിജിലന്‍സ് രജിസറ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചത്. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിലെ ആറു പൗള്‍ട്രി ഫാം ഉടമകളോടു വാണിജ്യ നികുതി വകുപ്പു 65 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഫാം ഉടമകള്‍ നല്‍കിയ അപേക്ഷയില്‍ മാണി ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു. 2013 ജനുവരി 20 ന് മുന്‍പ് 1.2 കോടി രൂപ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2012 മേയ് 29 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് റവന്യു റിക്കവറി നടപടികളുടെ കാര്യത്തില്‍ മാണി ചെയ്തത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും വിജിലന്‍സ് പറയുന്നു.