രാജ്യസഭാ സീറ്റ്: ഇന്ന് യുഡിഎഫ് നിർണായക യോഗം; മാണി മുന്നണി പ്രവേശനം ഇന്ന് പ്രഖ്യാപിക്കും

കേരള കോൺഗ്രസിന്(എം) രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിൽ കോൺഗ്രസിലെ യുവ എംഎൽഎമാർ ഉൾപ്പെടെ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഇന്നു നിർണായക യോഗം. തിരുവനന്തപുരത്തു രാവിലെ പതിനൊന്നിനാണ് കന്റോണ്മെന്റ് ഹൗസിൽ യുഡിഎഫ് നേതൃയോഗം ചേരുന്നത്.

രാവിലെ തലസ്ഥാനത്തു തന്നെ കേരള കോൺഗ്രസിന്റെ പാർലമെന്ററിസമിതി യോഗവും നടക്കും. രാവിലെ പത്തിന് പാർട്ടി ചെയര്‍മാൻ കെ.എം. മാണിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണു യോഗം. ഇതിനു ശേഷം യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മാണി പ്രഖ്യാപിക്കും. രാജ്യസഭാ സ്ഥാനാർഥി ആരായിരിക്കുമെന്നതിലും ഈ യോഗത്തിൽ തീരുമാനമാകും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകില്ല. തുടർന്നാണു കേരള കോൺഗ്രസ് ഉൾപ്പെടെ പങ്കെടുക്കുന്ന നേതൃയോഗം ചേരുക.

അതേസമയം, കെ എം മാണിയോ, മകൻ ജോസ് കെ മാണിയോ ആകും എംപിസ്ഥാനത്തേക്ക് മത്സരിക്കുക. എന്നാൽ, ജോസഫ് എം.പുതുശേരിയുടെയും തോമസ് ചാഴികാടന്റെയും തോമസ് ഉണ്ണിയാടന്റെയും പേരും ഉയര്‍ന്നുകേള്‍ക്കുന്നു. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ജോയി ഏബ്രഹാമിന് തന്നെ സീറ്റ് നല്‍കി പരിഹരിക്കാനും സാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.