കെ.എം മാണി മടങ്ങിവരണമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; ഉടനെ തിരിച്ചുപോകില്ല; നേതാക്കളുടെ സന്മനസ്സിനു നന്ദിയെന്ന് മാണി

മലപ്പുറം: കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. എന്നാല്‍ നേതാക്കളുടെ സന്മനസ്സിനു നന്ദിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. വീടുവിട്ടിറങ്ങുന്ന മകന്റെ ദുഃഖത്തോടെ യു.ഡി.എഫി വിട്ടിറങ്ങിയ താന്‍ ഉടന്‍ തിരിച്ചുപോകില്ലെന്നു കെ.എം മാണിവ്യക്തമാക്കി.ശപിച്ചിട്ടല്ല, ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് നന്നായി വരുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ ഉടനെ തിരിച്ചുപോകില്ലെന്നും മണി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം മാണി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സൗഹൃദത്തിന്റെ പുറത്തുളള പിന്തുണയാണെന്നും യുഡിഎഫിനെ അല്ല താന്‍ പിന്തുണക്കുന്നതെന്നും മാണി വ്യക്തമാക്കിയിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി കേരള കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വിളിച്ച പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയെ യു.ഡി.എഫിലേക്ക് തിരികെ വിളിച്ചത്. കേരള കോണ്‍ഗ്രസ് എന്നും യു.ഡി.എഫിന്‍െ അവിഭാജ്യഘടകമാണെന്നാണ് കുരുത്തുന്നത്. പാര്‍ട്ടി എന്നതിനു പുറമേ യു.ഡി.എഫിനു ശക്തിപകര്‍ന്ന നേതാവാണ് കെ.എം മാണി. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും യു.ഡി.എഫ് ആഗ്രഹിക്കുന്നു. ഇന്നത്തെ പ്രശ്‌നങ്ങള്‍ താല്ക്കാലികമാണെന്നാണ് കരുതുന്നത്. അത് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.മലപ്പുറം തെരഞ്ഞെടുപ്പില്‍ കെ.എം മാണി എടുത്ത നിലപാട് യു.ഡി.എഫിനോട് അദ്ദേഹത്തിനുള്ള അടുപ്പമാണ് കാണിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് ഇനിയും യു.ഡി.എഫിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നത്. മുന്നണി വിടാന്‍ മാണിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.