ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി;മുഖ്യമന്ത്രിയുടെ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്; പൊതുപ്രവര്‍ത്തനകനായ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജിയിലാണ് ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാരിനോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പൊതുപ്രവര്‍ത്തനകനായ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വച്ച് ജയലളിത അധ്യക്ഷത വഹിച്ചെന്ന് പറയപ്പെടുന്ന ഉന്നതതലയോഗത്തിന്റെ ഫോട്ടോകള്‍ പുറത്തുവിടണമെന്നും രാമസ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ രണ്ടാഴ്ചയായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നും രാമസ്വാമി ചൂണ്ടിക്കാണിക്കുന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും മരുന്നിനോട് പ്രതികരിക്കുന്നു തുടങ്ങിയ ചെറിയ കാര്യങ്ങള്‍ മാത്രമാണ് ആശുപത്രി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജനങ്ങള്‍ ഇക്കാര്യം അറിയാനുളള അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പടെയുള്ളവരോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണോ മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ട്.

© 2024 Live Kerala News. All Rights Reserved.