വ്യാപം: മധ്യപ്രദേശ് ഗവര്‍ണര്‍ പത്താം പ്രതിയെന്നു റിപ്പോര്‍ട്ടുകള്‍

 

ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) നിയമന കുംഭകോണത്തില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവ് പത്താം പ്രതിയെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ ഭരണഘടനാ പരിരക്ഷയുള്ളതിനാലാണ് റാംനരേഷ് യാദവിനെതിരെ അന്വേഷണം നടക്കാത്തതെന്നും പ്രതിപ്പട്ടികയില്‍ പേരുള്ള മറ്റുള്ളവര്‍ ജയിലിലാണെന്നും പ്രമുഖ ദേശീയ മാധ്യമമായ എന്‍!ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കോളജുകളുടെ സ്ഥലം മറിച്ചു നല്‍കി കോഴ വാങ്ങിയ കേസില്‍ കഴിഞ്ഞ വര്‍ഷം ഗവര്‍ണറുടെയും മകന്‍ ശൈലേഷ് യാദവിന്റെയും പങ്കിനെക്കുറിച്ച് അന്വേഷണമുണ്ടായിരുന്നു. ഭരണഘടനാപരമായ പരിരക്ഷയുള്ളതിനാല്‍ ഗവര്‍ണര്‍ക്കെതിരെ അന്വേഷണം പാടില്ലെന്ന് അന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശൈലേഷ് യാദവ് ലക്‌നൗവിലെ വീട്ടില്‍ മരിച്ചത്. വ്യാപം കുംഭകോണത്തെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതിനു മുന്‍പായിരുന്നു ഇത്.

നവംബറില്‍ അറസ്റ്റിലായ വീര്‍പല്‍ സിങ് എന്നയാളാണ് ഗവര്‍ണര്‍ക്കും മകനുമെതിരെ മൊഴി നല്‍കിയിരിക്കുന്നത്. 10 പേര്‍ക്കു സര്‍ക്കാര്‍ അധ്യാപകരായി നിയമനം ലഭിക്കുന്നതിന് മൂന്നു ലക്ഷം രൂപ വീര്‍പല്‍ ശൈലേഷ് യാദവിനു ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ വച്ചു കൈമാറിയെന്നാണ് മൊഴി. എന്നാല്‍ ആവശ്യം ശൈലേഷ് നിവര്‍ത്തിച്ചുതന്നില്ലെന്നും മൊഴിയിലുണ്ട്. അതേസമയം, യാദവിനെ ഗവര്‍ണര്‍ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

നിയമന കുംഭകോണവും ദുരൂഹമരണങ്ങളും സംബന്ധിച്ച് സിബിഐ അന്വേഷണമാകാമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. വ്യാപം കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരുന്ന ചൗഹാന്‍ ബിജെപിയില്‍നിന്നടക്കം സമ്മര്‍ദവും വിമര്‍ശനവും ശക്തമായതോടെ വഴങ്ങുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.