വ്യാപം കേസില്‍ ദുരൂഹത തുടരുന്നു; ഒരാള്‍ കൂടി മരിച്ചു

 

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമന കുംഭകോണത്തില്‍ രാജ്യത്തെ ഞെട്ടിച്ചു ദുരൂഹ മരണങ്ങള്‍ തുടരുന്നു. കേസുമായി ബന്ധപ്പെട്ട് നാലു മാസം മുന്‍പ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിനെ മരിച്ചനിലയില്‍ കണ്ടെത്തി. തികംഗാവിലെ ടൂറിസ്റ്റ് ഔട്ട്‌പോസ്റ്റിന്റെ മച്ചില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. രമാകാന്ത് പാണ്ഡെയെന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്.

വ്യാപം കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പാണ്ഡെ തികഞ്ഞ മദ്യപാനിയായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം. വ്യാപം കേസുമായി ബന്ധപ്പെട്ട് ട്രെയിനി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനാമിക കുശ്‌വാഹിനെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം അനൗദ്യോഗികമായി 46 ആയി. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍പ്രകാരം 25 പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ദുരൂഹസാഹചര്യത്തില്‍ മരിച്ചവരില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവും (50) ഉള്‍പ്പെടുന്നു. നരേഷിനെ മാര്‍ച്ച് 25ന് പിതാവിന്റെ യുപിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുപി മുന്‍ മുഖ്യമന്ത്രികൂടിയായ റാം നരേഷ് യാദവിനെയും നിയമന കുംഭകോണക്കേസില്‍ പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി ഒഴിവാക്കി.

© 2024 Live Kerala News. All Rights Reserved.