വ്യാപം: പ്രധാന സാക്ഷിയായ കോണ്‍സ്റ്റബിള്‍ സഞ്ജയ് കൊല്ലപ്പെട്ടതില്‍ ദുരൂഹത

 

ഭോപ്പാല്‍: വ്യാപം നിയമന കുംഭകോണത്തിലെ ദുരൂഹതകള്‍ തുടരുന്നു. കേസില്‍ സുപ്രധാന സാക്ഷിയാവേണ്ടിയിരുന്ന കോണ്‍സ്റ്റബിള്‍ സഞ്ജയ് !യാദവ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം മധ്യപ്രദേശ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ സാക്ഷി പറയാനിരിക്കെയാണ് സഞ്ജയ് മരിച്ചത്.

കേസിലെ 10ാമത് പ്രതിയായ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥന്റെ അടുത്ത സഹായിയാണ് മരിച്ച സഞ്ജയ്. ഗവര്‍ണര്‍ നിയമനത്തിനു പണം വാങ്ങിയിരുന്നത് സഞ്ജയ് വഴിയാണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ പദവിയിലുള്ളതിനാല്‍ രാം നരേഷ് യാദവിനെ ചോദ്യം ചെയ്യുന്നതിന് സാധിച്ചില്ല.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവ് നിയമനത്തിന്റെ പേരില്‍ മൂന്നു ലക്ഷം രൂപ വാങ്ങിച്ചിരുന്നതായും ഇതിന് സഹായിച്ചിരുന്നത് സഞ്ജയ് ആണെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ദിഗ്!വിജയ് സിങ്ങാണ്.

അതേസമയം, വ്യാപം നിയമന കുംഭകോണം വഴി പ്രവേശനം നേടിയ പത്തൊന്‍പതുകാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രദ ദാമോറിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. താനുള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. 25 വര്‍ഷത്തെ പരിചയമുണ്ട്. പെണ്‍കുട്ടിയുടെ മൂക്കിനും വായ്ക്കും ക്ഷതമേറ്റിരുന്നു. അതിനര്‍ഥം പെണ്‍കുട്ടിയെ ശ്വാസം മുട്ടിപ്പിച്ചിട്ടുണ്ടെന്നാണ്. മാത്രമല്ല ശരീരത്തിലെ മുറിവുകളില്‍ നിന്നും കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയെ റയില്‍വേട്രാക്കില്‍ കൊണ്ടിട്ടതാവാം എന്നതിന്റെ തെളിവുകളാണ്. സ്വാഭാവിക മരണമെന്നു ഒരു ശതമാനം പോലും ഇതിനെ പറയാനാവില്ലെന്നും ഡോ. പുരോഹിത് അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ്! സിങ്ങിന്റെ മരണകാരണം പുറത്തുകൊണ്ടു വരികയെന്നതു തന്റെ ജീവിതലക്ഷ്യമാണെന്ന് മുഖ്യമന്ത്രി ശിവ്!രാജ് ചൗഹാന്‍ വ്യക്തമാക്കി. സിബിഐ ഇതു തെളിയിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. അക്ഷയ് സിങ്ങിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.