ട്രെയിന്‍ ദുരന്തം: മരണം 24; അപകടമുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തില്‍

 

ഭോപ്പാല്‍:മുംബൈയില്‍നിന്ന് വരാണാസിയിലേക്കു പോവുകയായിരുന്ന കാമയാനി എക്‌സ്പ്രസാണ് ആദ്യം പാളം തെറ്റി മചക് നദിയിലേക്കു മറിഞ്ഞത്. ഈ ട്രെയിനിന്റെ ഏഴ് ബോഗികളാണ് വെള്ളത്തിലേക്കു വീണത്. ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്പ്രസും ഇതേസ്ഥലത്ത് പാളം തെറ്റി. ഈ ട്രെയിനിന്റെ അഞ്ച് ബോഗികളും എന്‍ജിനുമാണ്പാളംതെറ്റി നദിയില്‍ വീണത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാമത്തെ ട്രെയിനും ഇതേ സ്ഥലത്ത് പാളം തെറ്റിയത്.

മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അര്‍ധരാത്രിയോടെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റി 24 പേര്‍ മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. 300ല്‍ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരില്‍ ഒന്‍പതു പുരുഷന്‍മാരും പത്തു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. മധ്യപ്രദേശിലെ ഖിര്‍ക്യ, ഹര്‍ദ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമെന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്‌മെന്റ് കമ്മിഷണര്‍ അനുപം രാജന്‍ പറഞ്ഞു.

അപകടം നടക്കുന്നതിനു പത്തുമിനിറ്റ് മുന്‍പും ഇതുവഴി ട്രെയിന്‍ ഗതാഗതം നടന്നിരുന്നു. അന്നേരം പാളത്തിനു കുഴപ്പമില്ലായിരുന്നു. ഇതു പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണെന്നാണ് അനുമാനം. ഇതാകാം പാളം തകര്‍ത്തത്, റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ആശ്വാസധനം റയില്‍വേ പ്രഖ്യാപിച്ചു.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നു പാളം തകര്‍ന്നതാണ് അപകടകാരണമെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി സെന്‍ട്രല്‍ സോണ്‍ റയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു. സഹായധനം ഉടന്‍ തന്നെ നല്‍കുമെന്ന് റയില്‍വേമന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍ അറിയിച്ചു.

നദിയില്‍ വീണ ട്രെയിനിന്റെ ബോഗികള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടമുണ്ടായി ആദ്യമണിക്കൂറുകളില്‍ തന്നെ മുന്നൂറിലേറെപ്പേരെ രക്ഷപ്പെടുത്തിയിരുന്നു. കനത്ത ഇരുട്ടിനെ തുടര്‍ന്ന എമര്‍ജന്‍സി ലൈറ്റുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജലനിരപ്പ് അപകടകരമായ വിധം ഉയര്‍ന്നു കിടക്കുന്ന നദിയില്‍ അനേകം പേര്‍ ഒഴുകിപ്പോയതായി കരുതുന്നു. രക്ഷപെട്ടവരെയും ട്രെയിനെ മറ്റു ബോഗികളിലുള്ളവരെയും അടുത്തുള്ള സ്റ്റേഷനിലെത്തിച്ചു.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് റയില്‍വെ ഹെല്‍പ്‌ലൈന്‍ തുറന്നു. ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, മുംബൈ: 02225280005. മധ്യപ്രദേശ് സര്‍ക്കാരും റയില്‍വേയും യാത്രക്കാരെ രക്ഷിക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവരുന്നതായി ഹാര്‍ദ ജില്ലാ കലക്ടര്‍ രജനീഷ് ശ്രീവാസ്തവ അറിയിച്ചു.

അപകടവിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവര്‍ത്തകരും 25ല്‍ അധികം ഡോക്ടര്‍മാരുമടങ്ങുന്ന സംഘം പ്രത്യേക ട്രെയിനില്‍ സംഭവ സ്ഥലത്ത് എത്തി. യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകട സ്ഥലത്തെ വെള്ളക്കെട്ടും കനത്ത ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ഏതുവിധേനയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദേഹം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംഭവസ്ഥലത്തേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയതായും അദേഹം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.