ഐഎസ് കേരളത്തില്‍ ലക്ഷ്യമിട്ടത് സ്‌ഫോടനപരമ്പര;ഏഴു തന്ത്രപ്രധാനസ്ഥലങ്ങളില്‍ സ്‌ഫോടനം; ഹിറ്റ് ലിസ്റ്റില്‍ രാഷ്ട്രീയ നേതാവും ജഡ്ജിമാരും പൊലീസ് പ്രമുഖനും

കൊച്ചി:ഭീകരസംഘടനയായ ഐഎസ് കേരളത്തില്‍ ലക്ഷ്യമിട്ടത് സ്‌ഫോടനപരമ്പര. ഏഴു തന്ത്രപ്രധാനസ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുക.കേരളത്തിലെ രണ്ട് രാഷ്ട്രീയ നേതാക്കള്‍, രണ്ടു ജഡ്ജിമാര്‍, ഒരു പൊലീസ് ഉന്നതന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഇവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍, ബിജെപി. നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, ആലുവ റൂറല്‍ എസ്.പി: പി.എന്‍. ഉണ്ണിരാജന്‍ എന്നിവരാണ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിലുള്ളവര്‍.ഷോപ്പിങ് മാളുകള്‍ക്കു പുറമേ നെടുമ്പാശേരി വിമാനത്താവളം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കപ്പല്‍ശാല, ഹൈക്കോടതി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പേ കേന്ദ്ര ആഭ്യന്തരസുരക്ഷാ വിഭാഗം നിര്‍ദേശിച്ചിരുന്നു. ഐ.എസിന്റെ കേരളാഘടകമായി പ്രവര്‍ത്തിച്ച അന്‍സാര്‍ ഉള്‍ ഖിലാഫയാണ് ആക്രമണപദ്ധതികള്‍ തയാറാക്കിയത്. കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമി സമ്മേളനവേദിയിലേക്കു ലോറി ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്‍.ഐ.എയുടെ പിടിയിലായ ആറുപേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തു. എട്ടുമാസം മുമ്പാണു ഭീകരവാദചര്‍ച്ചകള്‍ക്കായി ടെലിഗ്രാമില്‍ ഇവര്‍ ചാറ്റിങ് ഗ്രൂപ്പുണ്ടാക്കിയത്. ഇതില്‍ 12 അംഗങ്ങളാണുള്ളത്. എല്ലാവരും മലയാളികള്‍. ഇവരില്‍ രണ്ടുപേര്‍ വിദേശത്താണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും മതതേരത്വത്തിനും എതിരായുള്ളതാണു ഗ്രൂപ്പിലെ ഓരോ സന്ദേശവും. കേരളത്തിലെ അഞ്ചു പ്രമുഖരെ വധിക്കാനുള്ള ആസൂത്രണവും ഈ ഗ്രൂപ്പിലൂടെയായിരുന്നു. പത്തംഗസംഘമാണു കൃത്യനിര്‍വഹണത്തിനു തയാറെടുത്തത്.

ഐഎസ്. ബന്ധമാരോപിച്ചു കണ്ണൂരില്‍നിന്നു പിടികൂടിയ ആറുപേരെ എറണാകുളം എന്‍ഐഎ കോടതി 12 ദിവസത്തേക്കു എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. 14 വരെയാണു കസ്റ്റഡി കാലാവധി. തുടര്‍ന്ന് അടുത്തമാസം രണ്ടുവരെ ഇവരെ റിമാന്‍ഡ് ചെയ്യും. കണ്ണൂര്‍ പാനൂരിനു സമീപം കനകമലയില്‍നിന്നു പിടികൂടിയ കണ്ണൂര്‍ സ്വദേശി മന്‍സീദ്, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ വെങ്ങാലയില്‍ അമ്പലത് സ്വാലിഹ് മുഹമ്മദ്. മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി. സഫ്വാന്‍, കുറ്റ്യാടി നങ്ങീലംകണ്ടി എന്‍.കെ. ജാസിം എന്നിവരെയും കോഴിക്കോട് കുറ്റ്യാടിയില്‍നിന്നു പിടികൂടിയ റംഷാദിനെയുമാണു കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇവരില്‍നിന്നു പിടികൂടിയ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു കോടതിയില്‍ എന്‍ഐഎ. ബോധിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.