ഐഎസ് കേരള ഘടകത്തിന്റെ പേര് അന്‍സാര്‍ ഉള്‍ ഖലീഫ;കനകമലയില്‍ നിന്നും പിടിയിലായവര്‍ ഐഎസ് കേരള ഘടകമെന്ന് എന്‍ഐഎ ; ദേശവിരുദ്ധമായ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തു; കൊച്ചിയില്‍ ഭീകരാക്രമണത്തിന് സംഘം പദ്ധതിയിട്ടിരുന്നു

കൊച്ചി: ഭീകരസംഘടനയായ ഐഎസിന്റെ കേരള ഘടകം അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കണ്ണൂര്‍ കനകമലയില്‍ ഇന്നലെ പിടിയിലായവരാണ് കേരളത്തിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നുംഎന്‍ഐഎ കണ്ടെത്തി. കൊച്ചിയിലെ യോഗത്തില്‍ ഭീകരാക്രമണത്തിനു സംഘം പദ്ധതിയിട്ടിരുന്നതായും എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. സംഘടനയില്‍ പെട്ടവര്‍ നടത്തിയ ചര്‍ച്ചകള്‍ മതേതരത്വത്തിനും രാജ്യത്തിനും വിരുദ്ധമായിരുന്നെന്നും ഇതിനെ സാധൂകരിക്കുന്ന ടെലിഗ്രാം ചാറ്റിന്റെ തെളികള്‍ കണ്ടെത്തിയതായും എന്‍ഐഎ വ്യക്തമാക്കി. അന്‍സാര്‍ ഉള്‍ ഖലീഫ സംഘത്തില്‍ പന്ത്രണ്ടു മലയാളികളാണുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരാണ് ഇന്നലെ പാനൂര്‍ കനകമലയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും പിടിയിലായത്. ഇന്ത്യന്‍ സൈന്യത്തിനെതിരായ സന്ദേശങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്നും അഞ്ചുപേരെയാണ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശി മന്‍ഷിത്, കോയമ്പത്തൂര്‍ സ്വദേശി അബൂബഷീര്‍, തൃശൂര്‍ സ്വദേശി സാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫാന്‍, കോഴിക്കോട് സ്വദേശികളായ ജാസിം, റംഷീദ് എന്നിവരാണ് അറസ്റ്റിലായത്.എന്‍ഐഎ നടത്തിയ റെയ്ഡില്‍ വനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തിരുനെല്‍വേലിയില്‍ നിന്ന് തൊടുപുഴ സ്വദേശിയായ സുബ്ഹാനിയെയാണ് അറസ്റ്റു ചെയ്തു. പിടിയിലായവരെ കൊച്ചിയില്‍ എന്‍ ഐഎ ചോദ്യം ചെയ്തുവരികയാണ്.

© 2024 Live Kerala News. All Rights Reserved.