ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു; ആശുപത്രിയില്‍ 11ാം ദിവസം; ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 11ാം ദിവസവും അവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചത്.ജയലളിതയുടെ ആരോഗ്യ നില ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്ത് എത്തിയത്. ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ നേരില്‍ കണ്ടുവെന്നും മികച്ച ചികില്‍സയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ശനിയാഴ്ച അപ്പോളോ ആസ്പത്രിയിലെത്തിയ എഐഎഡിഎംകെ മുതിര്‍ന്ന നേതാവ് പി. രാമചന്ദ്രനും മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചിരുന്നു. അതിനിടെ, ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ചു തുടങ്ങി. ന്യുമോണിയ, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ നല്‍കി. ചികില്‍സയോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ധനമന്ത്രി പനീര്‍സെല്‍വം, തോഴി ശശികല, സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാല്കൃഷ്ണന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ജയലളിതയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്.

© 2024 Live Kerala News. All Rights Reserved.