ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവെപ്പ്. കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സേന വെടിയുതിര്‍ത്തത്.രണ്ട് ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ഇന്നലെ നിയന്ത്രണ രേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഭീകരരുടെ ഇടത്താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഇവിടുന്നുള്ള ജനങ്ങള്‍ക്കായി പ്രത്യേക ക്യാംപുകള്‍ തുറന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് പാകിസ്താനിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടിയതായും 8 സൈനികരെ വധിച്ചതായും പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍ സൈനികരെ വധിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. ഇന്നലത്തെ മിന്നല്‍ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അടിയന്തരയോഗം ഇന്നു ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗം വിളിച്ചിട്ടുള്ളത്. മിന്നല്‍ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ രാത്രി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.