കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം കോഴിക്കോട്ടെത്തും. ഇന്നും നാളെയും പ്രധാനമന്ത്രി കോഴിക്കോടില്‍ തങ്ങും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും. വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രിക്കു താമസം ഒരുക്കിയിരിക്കുന്നത്. റോഡു മാര്‍ഗം കടപ്പുറത്ത് എത്തുന്ന പ്രധാനമന്ത്രി ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വൈകുന്നേരം അഞ്ചരയോടെ പ്രസംഗിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന പൊതു സമ്മേളനത്തില്‍ മോദി നടത്തുന്ന പ്രസംഗം ഉറി ഭീകരാക്രമണം സംബന്ധിച്ച സര്‍ക്കാരിന്റെ പ്രതീക്ഷിക്കപ്പെടുന്നത്.ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ചും കശ്മീരിലെ വിഘടനവാദ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ശക്തമായ സന്ദേശം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈകുന്നേരം ഏഴരയ്ക്കു സാമൂതിരി സ്‌കൂളില്‍ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. പഴയകാല ജനസംഘം നേതാക്കളെയും അടിയന്തരാവസ്ഥ വിരുദ്ധ സമരക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ രാവിലെ ഒന്‍പതരയോടെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സ്വപ്നനഗരിയില്‍ പ്രധാനമന്ത്രിയെത്തും. ദേശീയ കൗണ്‍സിലില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം വരെ ഇവിടെ ചെലവഴിക്കും. ഉച്ചയ്ക്ക് കൗണ്‍സില്‍ പ്രതിനിധികളുമൊത്ത് പ്രധാനമന്ത്രി ഓണസദ്യ കഴിക്കും. വൈകുന്നേരം മൂന്നിനു ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാത്രി എട്ടു മണിയോടെ ഡല്‍ഹിയിലേക്കു മടങ്ങും. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരിക്കുന്നതിനായി മൂവായിരത്തോളം പൊലീസുകാരെയാണ് കോഴിക്കോട്ട് വിന്യസിച്ചത്. കോഴിക്കോട്ട് ക്യാമ്പ് ചെയ്യുന്ന ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനമൊരുക്കിയത്.