കശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഒരു ശക്തിയ്ക്കും സാധിക്കില്ല; ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചക്കില്ല; ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ അന്തിമ വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും അമിത് ഷാ

കോഴിക്കോട്: കശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഒരു ശക്തിയ്ക്കും സാധിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീര്‍ വിഷയത്തില്‍ ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കശ്മീര്‍ വിഷയത്തില്‍ ആരുമായും വിട്ടുവീഴ്ച്ചക്കില്ല. ഉറിയിലെ ആക്രമണം കൊണ്ട് ഇന്ത്യയെ തോല്‍പ്പിക്കാമെന്ന് കരുതുന്നവര്‍ മൂഢന്‍മാരാണ്. പാകിസ്താന്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയാണ്. ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ അന്തിമ വിജയം ഇന്ത്യയ്ക്കായിരിക്കും. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെ ചെറുക്കണം. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍, ഇന്ത്യയേയും സംസ്‌കാരത്തേയും മാനിക്കുന്നവരുമായി മാത്രമേ ചര്‍ച്ചക്കുള്ളൂ. ഉറി ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി പ്രത്യേക പ്രമേയം പാസാക്കും. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിന് മികച്ച പ്രതിച്ഛായ ആണുള്ളതെന്നും അമിത് ഷാ പറഞ്ഞു. അഴിമതിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കും. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

© 2024 Live Kerala News. All Rights Reserved.