പ്രധാനമന്ത്രി കോഴിക്കോട്ടെത്തി; നരേന്ദ്രമോദിയുടെ പ്രസംഗത്തിന് കാതോര്‍ത്ത് രാജ്യം

കോഴിക്കോട് : ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് എത്തി. രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രിയുടെ പൊതുപ്രസംഗം വൈകിട്ട് അഞ്ചരയോടെ പൊതുസമ്മേളന വേദിയായ കടപ്പുറത്ത് അദ്ദേഹം സംസാരിക്കും. ഉറി കരസേനാ താവളത്തിലെ ഭീകരാക്രണമത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപ്രസംഗമാണിത്. ഇന്ത്യപാക്ക് ബന്ധം, കശ്മീരിലെ സമാധാന ശ്രമങ്ങള്‍ എന്നിവ പ്രസംഗത്തിന്റെ കാതലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ നരേന്ദ്ര മോദി പരാമര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്. കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പാക്കാനുള്ള പാക്ക് തന്ത്രത്തിന് യുഎന്‍ സെക്രട്ടറി ജനറലിന്റെ തീരുമാനത്തോടെ തിരിച്ചടിയേറ്റിരുന്നു. പ്രശ്‌നം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കണമെന്ന നിര്‍ദേശം കൂടി അദ്ദേഹം മുന്നോട്ടുവച്ച പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും. കേരളത്തിന്റെ വികസനം, തൊഴില്‍ ലഭ്യത തുടങ്ങി രാഷ്ട്രീയം പൊതിഞ്ഞ വികസന കാഴ്ചപ്പാടുകളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകും. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയില്‍ കണ്ണെറിയുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ കൂടുതല്‍ വ്യക്തത കൈവരും. ശക്തമായ സുരക്ഷയാണ് നഗരത്തില്‍ എര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.