കോഴിക്കോട്: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന് ഇന്ന് കോഴിക്കോട് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് കേന്ദ്ര മന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനത്തിന് കടപ്പുറത്തെ കെ ജി മാരാര്‍ നഗറില്‍ പതാകയുയര്‍ന്നു. രാവിലെ ഒമ്പതിന് കടവ് റിസോര്‍ട്ടില്‍ ദേശീയ നേതൃസംഗമത്തോടെ സമ്മേളന നടപടികള്‍ തുടങ്ങും. പ്രധാനമന്ത്രി,13 മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കൗണ്‍സിലിന് മൂന്ന് വേദികളാണുള്ളത്. സരോവരം, കടവ് റിസോര്‍ട്ട്, കടപ്പുറം എന്നിവിടങ്ങളിലായാണ് കൗണ്‍സിലിന്റെ യോഗങ്ങള്‍ നടക്കുക.നാളെ നടക്കുന്ന നേതൃയോഗത്തിനു ശേഷം പ്രധാനമന്ത്രി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. കടപ്പുറത്താണ് പൊതു സമ്മേളന വേദി. കടപ്പുറത്തെ വേദിയില്‍ ഒ രാജഗോപാല്‍ എംഎല്‍എ പതാക ഉയര്‍ത്തി. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് കോഴിക്കോട് ഒരുക്കിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലാണു പ്രധാനമന്ത്രി വന്നിറങ്ങുന്നത്. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രണ്ടു ദിവസം കോഴിക്കോട് തങ്ങുന്നതിനാല്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.