ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കടുത്ത പനിയും നിര്‍ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ജയലളിതയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേരത്തെ തന്നെ 68 കാരിയായ ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി കുറ്റവിമുക്തയാക്കിയ ശേഷം നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പതിവ് രീതിയില്‍ നിന്ന് മാറി മന്ത്രിമാരെ കൂട്ടത്തോടെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് ജയലളിത പെട്ടെന്ന് ചടങ്ങില്‍ നിന്ന് പോയിരുന്നു. പിന്നീട് പൊടുപരിപാടികളില്‍ വളരെ അപൂര്‍വമായി മാത്രമാണ് പങ്കെടുക്കാറുള്ളത്. കഴിഞ്ഞ മാസം നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും ക്ഷീണിതയായി കാണപ്പെട്ടിരുന്നു. ചടങ്ങില്‍ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതും സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയതും കസേരയില്‍ ഇരുന്നുകൊണ്ടാണ്.