ജിഷയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് അമീര്‍ കോടതിയില്‍; കൊലപാതകം നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം; കൂടെ പോകുക മാത്രമാണ് താന്‍ ചെയ്തതെന്നും അമീര്‍

കൊച്ചി: പെരുമ്പാവൂരിലെ നിയവിദ്യാര്‍ത്ഥിനിയായ ജിഷയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്ന് പ്രതി അമീര്‍ കോടതിയില്‍ പറഞ്ഞു.എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അമീര്‍ കുറ്റം നിഷോധിച്ചത്. കൊലപാതകം നടത്തിയത് സുഹൃത്ത് അനാറുല്‍ ഇസ്‌ലാം ആണെന്നും താന്‍ കൂടെ പോകുക മാത്രമാണ് താന്‍ ചെയ്തതെന്നും അമീര്‍ കോടതിയില്‍ പറഞ്ഞു. അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനിടെയാണ് കുറ്റം നിഷേധിച്ച് അമീര്‍ രംഗത്തെത്തിയത്. കേസിലെ ഏകപ്രതിയായാണ് അന്വേഷണ സംഘം അമീറിനെ ചേര്‍ത്തിരിക്കുന്നത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണനാണ് ഹാജരായത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. 195 സാക്ഷികളുടെ പട്ടികയും 125 രേഖകളും, ആയുധം അടക്കം 75 തൊണ്ടി സാധനങ്ങളും കോടതി പരിശോധിച്ചു. ജിഷ വധക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. താന്‍ പ്രതിയല്ലെന്ന് അമീര്‍ പറഞ്ഞതായി സഹോദരന്‍ ബദറുല്‍ ഇസ്ലാമിന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞിരുന്നു. ജിഷയെ കൊന്നത് തന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമാണെന്ന് അമീര്‍ പറഞ്ഞെന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം ജയിലില്‍ വെച്ചാണ് അമീര്‍ ഇത് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍, തനിക്ക് അനാറിനെ അറിയില്ലെന്നും സഹോദരന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.