നികുതിയിളവ് കേസില്‍ കെഎം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു; ക്രമക്കേടില്‍ 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ്; സര്‍ക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലെന്ന് മണി

കോട്ടയം: നികുതിയിളവ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 13നായിരുന്നു ചോദ്യം ചെയ്യല്‍. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ മാണി നിഷേധിച്ചു. നികുതി സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറിച്ചിയിലെ സൂപ്പര്‍ പിഗ്‌മെന്‍സ് ഉടമ ബെന്നി ഏബ്രഹാമിന് വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ .ബാറ്ററികളിലേക്ക് ആവശ്യമായ ലെഡ് പൗഡര്‍ നിര്‍മിക്കുന്ന യൂണിറ്റിന് 2005 വരെ നാലു ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. പിന്നീട് 2005 ല്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) വന്നതിനു ശേഷം ഇതിന്റെ നികുതി 12.5 ശതമാനമായി ഉയര്‍ത്തി. 2012-13 വര്‍ഷം ഇതിന്റെ നികുതി 13.5 ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ 2015 വരെ ബെന്നി ഏബ്രഹാം കൂട്ടിയ നികുതി അടയ്ക്കാന്‍ തയാറായില്ല. 2005 നു ശേഷം അഞ്ചുശതമാനം നികുതി മാത്രമാണ് അടച്ചുവന്നത്.

© 2024 Live Kerala News. All Rights Reserved.