ഉറിയിലെ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ;പാക് അധീനകശ്മീരിലെ ഭീകരക്യാംപുകള്‍ ആക്രമിച്ചേക്കും; വിഘടനവാദികള്‍ക്കെതിരെയും നടപടിക്ക് സാധ്യത;പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ.പാക് അധീനകശ്മീരിലെ ഭീകരക്യാംപുകള്‍ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.ഇനി സംയമനം പാലിക്കേണ്ടതില്ലെന്ന് വിലയിരുത്തല്‍. ഇന്നിവയാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്നു ശക്തമായ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല. പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകളിലാണ് ഭീകര്‍ക്ക് പരിശീലനം നല്‍കുന്നത് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിനാലാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകളെ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അതേസമയം, വികാരത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി ജനറല്‍ വി.കെ. സിങ് പറഞ്ഞു. വികാരത്തിനടിമപ്പെടരുതെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും പ്രതികരിച്ചു. അതിനിടെ, വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 20 ആയെന്ന വാര്‍ത്ത പ്രതിരോധ മന്ത്രാലയം തിരുത്തി. മൂന്നു സൈനികര്‍ കൂടി മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്. 17 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടാരങ്ങള്‍ക്കു തീപിടിച്ചാണ് സൈനികരിലേറെയും മരിച്ചത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.