ഉറി ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരിച്ചു; മരണസംഖ്യ 20 ആയി;ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു സമീപത്തുള്ള ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് സൈനികര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 20 ആയി. കശ്മീരിലെ ഉറി സൈനിക താവളത്തില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. ആക്രണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. കശ്മീരിലെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനെ വിളിച്ചാണ് ആക്രണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉറി ഭീകരാക്രമണത്തിന് ഇടയാക്കിയത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്്. ഉറിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപവും ആര്‍മി ആസ്ഥാനത്തുമായി കമ്പി വേലികള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൈനിക താവളത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നവര്‍ ഇക്കാര്യം പ്രാധാന്യത്തോടെ കാണാതിരുന്നതാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതര സുരക്ഷാ വീഴ്ച സൈനിക താവളത്തില്‍ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ ഭീകരരെ സഹായിച്ചുവെന്നാണ് കരുതുന്നത്. ഭീകരവാദികള്‍ക്ക് സൈനിക ക്യാമ്പിന്റെ രേഖാ ചിത്രം സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും കരുതുന്നു.ആക്രമത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ഉറിയില്‍ നടന്നത് അത്യന്തം അപലപനീയമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.