കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയായ ജിഷയെ കൊലപ്പെടുത്തിയത് അമീര്‍ അല്ലെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്‌ലാം പറഞ്ഞു. അമീറിന്റെ സുഹൃത്തായ അനാറാണ് ജിഷയെ കൊലചെയ്തതെന്നും ഇദ്ദേഹം പറയുന്നു. അവസാനമായി അമീറിനെ ജയിലില്‍ ചെന്ന് കണ്ടപ്പോഴും അമീര്‍ ഇക്കാര്യം തന്നോട് ആവര്‍ത്തിച്ചെന്നും ബദര്‍ പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യം ചെയ്യുമ്പോള്‍ അമീര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍ അമീറിന് ജിഷയുമായി മുന്‍പരിചയമില്ല. അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അമീറിന് ഇവരെ പരിചയം പോലുമില്ല. അനാര്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും ബദര്‍ പറയുന്നു. അതേസമയം ജിഷയുടെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ എറണാകുളം റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. അനാര്‍ ഉള്‍ ഇസ്‌ലാം എന്ന സുഹൃത്ത് അമീറിനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെതിരായ കുറ്റപത്രം കുറ്റമറ്റതാണെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. വധശ്രമത്തിനായി വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, അന്യായമായി തടഞ്ഞ് വെക്കല്‍, ബാലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള തടയുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം എറണാകുളം റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.